കോട്ടയം: തലയോലപറമ്പില്‍ പാറമടയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി .വടയാർ സ്വദേശി സൂര്യയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പൊതി സ്വദേശി സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു
കഴിഞ്ഞ പന്ത്രണ്ടാം തീയതി മുതൽ സൂര്യയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സൂര്യയുമായി ബന്ധമുണ്ടായിരുന്ന പൊതി സ്വദേശി സൂരജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ സൂര്യയെ കാണാനില്ലെന്ന പരാതിയിൽ സൂരജിനെ പൊലീസ് നിരീക്ഷിച്ച് വരികയായിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.
തലയോലപറമ്പിലെ സ്വകാര്യ ആശുപത്രി ജീവനക്കാരായിരുന്നു ഇരുവരും. സൂരജിന്റെ ഭാര്യയുടെ സുഹൃത്തു കൂടിയായ സൂര്യയുമായി ഇയാൾ അടുപ്പത്തിലാവുകയും തുടർന്ന് സൂര്യ ഗർഭിണിയാകുകയാുമായിരുന്നു . ഗർഭം അലസിപ്പിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സൂര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ പാറമടയിൽ കെട്ടി താഴ്ത്തുകയായിരുന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.
സംഭവത്തിൽ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിച്ചു വരികയാണ്. സൂര്യയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
