തൃശൂര്‍: തൃശൂര്‍ മുക്കാട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന്‍ നിര്‍മല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അഞ്ച് പ്രതികള്‍ പിടിയിലായി. കേസില്‍ പ്രതിയായ സിപിഎം കൗണ്‍സിലര്‍ സതീഷ് ചന്ദ്രന്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചത്.

കോകുളങ്ങര ക്ഷേത്ര ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകനായ നിര്‍ലാണ് കഴിഞ്ഞദിവസം കുത്തേറ്റു മരിച്ചത്. സംഭവത്തില്‍ അഞ്ചുപേരെയാണ് പൊലീസ് പിടികൂടിയത്. മുക്കാട്ടുകര സ്വദേശികളായ സിദ്ദു രാജ്, സൂരജ് രാജന്‍, ശേശുദാസന്‍, അരുണ്‍, സച്ചിന്‍ ഹരിദാസ് എന്നിവരെയാണ് പിടികൂടിയത്. മറ്റൊരു പ്രതിയായ തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ സതീഷ് ചന്ദ്രന്‍ ഒളിവിലാണ്.

മരിച്ച നിര്‍മ്മലിന്‍റെ സഹോദരനായ നിഖിലിന്‍റെയും ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മിഥുന്‍റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന വാദവുമായി സിപിഎം രംഗത്തെത്തിയിരുന്നു. കേസില്‍ നാലുപേരെക്കൂടി ഇനിയും പിടികൂടാനുണ്ട്.