കോഴിക്കോട്: തിരുവമ്പാടി ആനക്കാംപൊയിലില്‍ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചത് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. കോഴിഫാം ഉടമയായ ആനക്കാംപൊയില്‍ വടക്കേ പുറത്ത് ബിജു തോമസിനെ കൊലപ്പെടുത്തിയതാണെന്നാരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്.
കഴിഞ്ഞ മാര്‍ച്ച് 27 നാണ് കോഴി ഫാം ഉടമയായ ബിജു തോമസിനെ കക്കാട്ട് പാറയിലെ ഫാമിനോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫാമിലേക്ക് വന്യ ജീവികള്‍ കയറാതിരിക്കാന്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗിന് സമീപം ഇരുമ്പ് ഗോവണയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സുഹൃത്തിന്റെ സ്ഥലത്തെ കോഴിഫാം ഒഴിഞ്ഞുകൊടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഈസ്റ്റര്‍ ദിനത്തില്‍ ഫാം പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ബന്ധുക്കൾ ആരോപിച്ചു. ഈസ്റ്ററിന്‍റെ അന്നാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഷോക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണത്തില്‍ ദുരൂഹതയുള്ളതായി നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും പോലീസ് കാര്യമാക്കിയില്ലെന്നും ബന്ധക്കൾ പറയുന്നു. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് അനുകൂല മറുപടിയല്ല ലഭിച്ചതെന്നും ഇവര്‍ വ്യക്തമാക്കി.
ഭീമമായ സംഖ്യ ബാങ്ക് ലോണെടുത്താണ് ഫാം ആരംഭിച്ചത്. ഇതിനിടെ ഫാം ഒഴിഞ്ഞുകൊടുക്കണമെന്നാവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചതായും ഇവര്‍ പറയുന്നു. കോഴിഫാമില്‍ വൈദ്യുത ലൈനില്‍ നിന്നും അബദ്ധത്തില്‍ ഷോക്കേറ്റതാണെന്നാണ് പോലീസിന്റെ വിശദീകരണം.
