തിരുവനന്തപുരം: വധശ്രമത്തിനുശേഷം വിദേശത്തേക്കു കടന്നയാൾ മൂന്ന് മാസത്തിനുശേഷം തിരികെയെത്തിയപ്പോള്‍ വിമാനത്താവളത്തിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാറ്റുമുക്ക് ചാന്നാങ്കര അണക്കപ്പിള്ള മണക്കാട്ടുവിളാകത്ത് അക്ബർഷാ (30)യെയാണ് പോത്തൻകോട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ഒക്ടോബർ 17ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാരംസ് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നു ചിറ്റാറ്റുമുക്ക് പള്ളിവിള ജാസിവില്ലയിൽ നഹാസിനെ കത്തി കൊണ്ടു കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. നഹാസിന് വയറ്റിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ഇതിനുശേഷം അക്ബർഷാ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
വിദേശത്തുനിന്നു തിരികെ എത്തുന്നതിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽവച്ച് അറസ്റ്റ് ചെയ്തതായും ഈ കേസിൽ രണ്ടാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോത്തൻകോട് സിഐ എസ്.ഷാജി, എസ്ഐമാരായ ജയൻ, ജ്യോതികുമാർ, പൊലീസുകാരായ അപ്പു, ശ്രീജിത്ത്, കിരൺ, ആൽബിൻ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
