കൊല്ലം കടയ്‍ക്കലില്‍ ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി റഹിം ആണ് പിടിയിലായത്.

കഴിഞ്ഞ ഞായറാഴ്‍ചയാണ് കടയ്‍ക്കല‍ സ്വദേശി 68കാരിയായ സീതാമണിയെ വീട്ടിലെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഒറ്റക്കായിരുന്നു തമാസം. ഫോണ്‍ വിളിച്ചിട്ട് കിട്ടാത്തതിനെതുടര്‍ന്ന് മക്കള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കാണുന്നത്. കൊലപാതകമാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ വ്യക്തമായി. തുടര്‍ന്ന് പുനലൂര്‍ ഡിവൈഎസ്‍പി ബി കൃഷ്‍ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി റഹിം പിടിയിലാകുന്നത്. രണ്ട് വര്‍ഷം മുമ്പ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ബന്ധുവിന്‍റെ ചികിത്സക്കായി പോയപ്പോഴാണ് സീതാമണി റഹീമിനെ പരിചയപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. അവിടെ വച്ച് സഹായിക്കാനായി ഒപ്പം കൂടിയ റഹിം പിന്നീട് പലപ്പോഴും സീതാമണിയുടെ വീട്ടിലെത്തിയിരുന്നു. ബിസിനസ് ആവശ്യത്തിനായി ഇയാള്‍ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും സീതാമണി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഞായറാഴ്‍ച വീട്ടിലെത്തിയ റഹീം വീണ്ടും പണം ചോദിച്ചു. സീതാമണി പണം നല്‍കാതിരുന്നതോടെ അടുക്കളയില്‍ നിന്ന് ഇടികല്ല് ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന പണവും സ്വര്‍ണവും കവരുകയും ചെയ്തെന്നും പൊലീസ് പറഞ്ഞു. പ്രതിയെ വ്യാഴാഴ്‍ച കോടതിയില്‍ ഹാജരാക്കും.