മരിച്ച ഹൈദരാബാദ് സ്വദേശി തസ്‌ലീന്‍ബി യാസിന്റെ ഭര്‍ത്താവ് നാല്‍പതുകാരന്‍ ഇസ്മയില്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം.

ഷാര്‍ജ: ഹൈദരാബാദ് സ്വദേശിയായ യുവതിയെ ഷാര്‍ജയിലെ വില്ലയില്‍ കൊന്ന് കുഴിച്ചിട്ട കേസിന്റെ അന്വേഷണത്തിനായി ഷാര്‍ജ പോലീസ് ഇന്റര്‍പോളിന്റെ സഹായം തേടി. രണ്ട് മക്കളുമായി യുവതിയുടെ ഭര്‍ത്താവ് ഇന്ത്യയിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം.

മരിച്ച ഹൈദരാബാദ് സ്വദേശി തസ്‌ലീന്‍ബി യാസിന്റെ ഭര്‍ത്താവ് നാല്‍പതുകാരന്‍ ഇസ്മയില്‍ ഇന്ത്യയിലേക്ക് കടന്നുവെന്നാണ് പോലീസിന്റെ നിഗമനം. പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയതായി ഷാര്‍ജ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ സൈഫ് അല്‍ സറി അല്‍ ഷംസി പറഞ്ഞു. 

ഇത്തരം കേസുകളില്‍ ഇന്ത്യന്‍ പോലീസ് അധികൃതരുമായി ഷാര്‍ജ പോലീസിന് നല്ല ബന്ധമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കണമെന്നും പോലീസ് അധികരൃതര്‍ അറിയിച്ചു. 

യുവതിയെ കൊലപ്പെടുത്തിയശേഷം രണ്ട് മക്കളോടൊപ്പം ഭര്‍ത്താവ് ഇന്ത്യയിലേക്ക് കടന്നതായാണ് പോലീസ് പറയുന്നത്. വീട് വാടകയ്ക്ക് എന്ന ബോര്‍ഡ് പുറത്ത് തൂക്കിയിരുന്നു. നാട്ടിലുള്ള സഹോദരനുമായി യുവതി ദിവസവും സംസാരിക്കുമായിരുന്നു. 

എന്നാല്‍ ദിവസങ്ങളായി ഫോണ്‍ വിളിക്കാതായതോടെ ഷാര്‍ജയില്‍ അന്വേഷിച്ചെത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയായിരുന്നു. തുടര്‍ന്ന് നല്‍കിയ പോരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വില്ലയ്ക്കകത്ത് മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.