ഷുക്കൂർ വധം: പി ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി സിബിഐ കുറ്റപത്രം

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 11, Feb 2019, 3:51 PM IST
murder charge against p jayarajan in shukkoor murder case
Highlights

അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. 

കണ്ണൂര്‍: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ കൊലക്കുറ്റം. തലശ്ശേരി കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ടിവി രാജേഷിനെതിരെ ഗൂഢാലോചനക്കും കേസെടുത്തു. ഗൂഢാലോചനയിൽ ഇരുവർക്കും വ്യക്തമായ പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

ഇതോടെ മുഖ്യപ്രതികൾക്ക് മേലുള്ള കൊലക്കുറ്റം ഇവർക്കും ബാധകമാവും. ലോക്സഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെയാണ് ജയരാജനെതിരെ തലശ്ശേരി കോടതിയിൽ സിബിഐ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതെന്നതാണ് ശ്രദ്ധേയം. 

മുസ്ലീംലീഗ് വിദ്യാർഥി വിഭാഗമായ എംഎസ്എഫിന്‍റെ പ്രാദേശിക പ്രവർത്തകനായിരുന്ന ഷുക്കൂർ 2012 ഫെബ്രുവരി 20-നാണ് കൊല്ലപ്പെട്ടത്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷുമടക്കമുള്ളവർ സഞ്ചരിച്ച വാഹനം തളിപ്പറമ്പിന് സമീപത്തുള്ള പട്ടുവത്ത് വച്ച് തടഞ്ഞ് യൂത്ത് ലീഗ് പ്രവർത്തകർ ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. ചെറുകുന്ന് കീഴറയിൽ വച്ചാണ് ഷുക്കൂർ കൊല്ലപ്പെട്ടത്. 

വാഹനം ആക്രമിക്കപ്പെട്ട ശേഷം പി ജയരാജനും ടി വി രാജേഷും പ്രവേശിപ്പിക്കപ്പെട്ട ആശുപത്രിയിൽ വച്ചാണ് ആക്രമണത്തിന് ആസൂത്രണം നടന്നതെന്നാണ് കുറ്റപത്രം. തളിപ്പറമ്പ് സഹകരണ ആശുപത്രി കേന്ദ്രീകരിച്ചാണ് സിപിഎം പ്രാദേശിക നേതാക്കൾ ആക്രമണത്തിന് ആസൂത്രണം ചെയ്തതെന്നും ഇത് ജയരാജനും രാജേഷിനും അറിയാമായിരുന്നെന്നും കുറ്റപത്രത്തിൽ പറയുന്നു. 

ഷുക്കൂർ കേസിലെ സിബിഐ നടപടികൾ സ്വാഗതാർഹമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു .'കണ്ണൂരിലെ അക്രമങ്ങളിൽ മുഖ്യമന്തി പിണറായി വിജയൻ അടക്കമുള്ള ഉന്നതർക്ക് പങ്കുണ്ട്' . ടി.പി ചന്ദ്രശേഖരൻ വധകേസ് സിബിഐ അന്വേഷിച്ചാൽ ഉന്നത സിപിഎം നേതാക്കൾ ഇരുമ്പഴിക്കുള്ളിലാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഷുക്കൂർ കേസിലെ സിബിഐ കുറ്റപത്രം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. ഇനിയെങ്കിലും സിപിഎം പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

loader