കൊച്ചി: എറണാകുളം കാലടിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് 16 വർഷം തടവ്. കാലടി സ്വദേശി റിജിത്തിനെ 3 വർഷം മുന്പ് കൊലപ്പടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്കാണ് വടക്കൻ പറവൂർ കോടതി ശിക്ഷ വിധിച്ചത്.
എറണാകുളം കാലടി സ്വദേശികളായ രതീഷ്,എൽദോ,മനോജ് എന്നിവരെയാണ് വടക്കൻ പറവൂർ അഡീഷണൽ സെഷൻസ് കോടതി 16 വർഷം കഠിനതടവിന് വിധിച്ചത്. കാലടി സ്വദേശി റിജിത്തിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 2014 മാർച്ച് 10 നാണ് കേസിനാസ്പദമായ സംഭവം. അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് ബസിൽ പോവുകയായിരുന്ന റിജിത്തിനെ യാത്രാമധ്യേ ബസ് തടഞ്ഞ് നിർത്തി പ്രതികൾ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ക്വട്ടേഷൻ സംഘത്തിൽ നിന്നും റിജിത്ത് തെറ്റിപ്പിരിഞ്ഞ് പോയതിനെ തുടർന്ന് ഉടലെടുത്ത വൈരാഗ്യമായിരുന്നു കൊലപാതക ശ്രമത്തിന് പിന്നിൽ. ബസിൽ വച്ച് റിജിത്തിനെ ആക്രമിക്കുന്നതിനിടെ യാത്രക്കാരിയായ ഒരു അധ്യാപികക്കും സാരമായി പരിക്കേറ്റിരുന്നു. ഒന്നാം പ്രതി രതീഷ് പട്ടാപ്പകൽ യുവാവിനെ വെട്ടികൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. രണ്ടും മൂന്നും പ്രതികളായ എൽദോയും മനോജും മറ്റ് നിരവധി കേസുകളിലും പ്രതികളാണ്. പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
