ബംഗളുരു: കൊലപാതകക്കേസിലെ പ്രതിയെ പോലീസ് പിടികൂടിയത് മിനിറ്റുകള്‍ക്കകം. ബംഗളുരുവിലെ രാമന്‍ഗരയില്‍ നടന്ന ഒരു കൊലപാതകത്തിലെ കുറ്റവാളിയെയാണ് പോലീസ് മിനിറ്റുകള്‍ക്കകം കുടുക്കിയത്. കാവ്യ എന്ന 21കാരിയെ കൊലപ്പെടുത്തിയ വെങ്കിടേഷ് എന്ന യുവാവാണ് മിനിറ്റുകള്‍ക്കകം അറസ്റ്റിലായത്. 

കാവ്യയെ കൊലപ്പെടുത്തിയ ശേഷം പോലീസ് നടപടികള്‍ കാണുന്നതിന് ഇയാളും എത്തിയിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഇയാള്‍ക്ക് നേരെ പോലീസ് നായ കുരച്ചടുത്തതോടെ കുറ്റവാളിയെ തേടി പോലീസിന് അലയേണ്ടി വന്നില്ല. കാവ്യയും കൊലയാളി വെങ്കിടേഷും സഹപാഠികളായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവ് മരിച്ചതിനെ തുടര്‍ന്ന് വെങ്കിടേഷിന് കാവ്യയുടെ മാതാപിതാക്കള്‍ സ്വന്തം വീട്ടില്‍ അഭയം നല്‍കുകയായിരുന്നു.

ഒരു അക്കൗണ്ടിംഗ് കമ്പനിയില്‍ ജീവനക്കാരിയായ കാവ്യ അവിടെ തന്നെ വെങ്കിടേഷിനും ജോലി വാങ്ങി നല്‍കി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കമ്പനിയുടെ അക്കൗണ്ടില്‍ നിന്നും 90,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വെങ്കിടേഷ് സംശയ നിഴലിലായിരുന്നു. പണം നഷ്ടപ്പെട്ടതിന് താന്‍ ആരോപണവിധേയനായതിന് കാവ്യയോട് വെങ്കിടേഷിന് വൈരാഗ്യമുണ്ടായിരുന്നു. ഇതിന്റെ പേരിലാണ് ഇയാള്‍ കാവ്യയെ കൊന്നത്. 

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് കാവ്യയെ, വെങ്കിടേഷ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വെങ്കിടേഷ് തന്നെ പോലീസിനെ വിളിച്ചു വരുത്തി. ബൈക്കില്‍ എത്തിയ രണ്ട് പേര്‍ കാവ്യയെ കൊലപ്പെടുത്തിയെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ പോലീസ് നായയുടെ ബുദ്ധിക്ക് മുന്നില്‍ പ്രതിക്ക് പിടിച്ചു നില്‍ക്കാനായില്ല.