മലപ്പുറം: ആലിക്കല്‍ ജുമാമസ്ജിദിലെ ഇരട്ടക്കൊലപാതകക്കേസില്‍ കുറ്റവാളികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസില്‍ 11 പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സഹോദരങ്ങളും ആലിക്കല്‍ സ്വദേശികളുമായ പുളിക്കല്‍ വീട്ടില്‍ അബ്ദു, അബൂബക്കര്‍ എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് പതിനൊന്ന് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

2008 ആഗസ്റ്റ് 29നാണ് ഭാരവാഹി തര്‍ക്കത്തെ തുടര്‍ന്ന് ആലിക്കല്‍ ജുമാമസ്ജിദില്‍ സംഘര്‍ഷമുണ്ടായത്. പള്ളിക്കകത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം നടത്തിയ അക്രമത്തിലാണ് അബ്ദുവും അബൂബക്കറും കൊല്ലപെട്ടത്. അക്രമത്തില്‍ പതിമൂന്ന് പേര്‍ക്ക് പരിക്കും പറ്റി. പള്ളിക്കകത്തുണ്ടായ ഇരട്ടക്കൊലപാതകമായതിനാല്‍ കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ അന്ന് നിയമിച്ചിരുന്നു.

 പ്രതികള്‍ക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഈ വകുപ്പുകളിലൊക്കെ പ്രതികള്‍ കുറ്റക്കാരാണെന്നാണ് മഞ്ചേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തിയിട്ടുള്ളത്. കേസിലെ ഏഴാം പ്രതി അമരിയില്‍ മുഹമ്മദ് ഹാജി വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.