Asianet News MalayalamAsianet News Malayalam

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകം; പിന്നിൽ ആറംഗ സംഘമെന്ന് പൊലീസ്

Murder in Kannur
Author
First Published Oct 11, 2016, 5:11 AM IST

കണ്ണൂർ: പാതിരിയാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയത് ആറംഗ സംഘമെന്ന നിഗമനത്തിൽ പൊലീസ്. രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താൽ സമാധാനപരമായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലാകെ കനത്ത സുരക്ഷ തുടരുകയാണ്.

ഓംനി വാനിലെത്തിയ സംഘമാണ് പാതിരിയാട് കളളുഷാപ്പിൽ കയറി  കുഴിച്ചാലിൽ മോഹനനെ വെട്ടിവീഴ്ത്തിയത്. മുഖം മൂടിയണിഞ്ഞ ആറ് പേർ സംഘത്തിലുണ്ടായിരുന്നെന്നാണ് സംഭവം കണ്ടവർ പൊലീസിന് നൽകിയ മൊഴി. മോഹനനൊപ്പം അക്രമികൾ വെട്ടിയ അശോകൻ തലശ്ശേരിയിൽ ചികിത്സയിലാണ്. പാനൂർ സിഐയുടെ നേതൃത്വത്തിലുളള അന്വേഷണസംഘം അശോകന്‍റെ മൊഴി രേഖപ്പെടുത്തും.

രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. കൊല്ലപ്പെട്ട മോഹനന്‍റെ സംസ്കാരം വാളാങ്കിച്ചാലിൽ നടന്നു. പിണറായി ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് ശേഷമായിരുന്നു സംസ്കാരം. കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം കണ്ണൂരിലും മാഹിയിലും ആഹ്വാനം ചെയ്ത ഹർത്താലിൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. അക്രമങ്ങൾക്ക് സാധ്യതയുളളതിനാൽ ജില്ലയിൽ ദ്രുതകർമസേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്. സിപിഐഎം - ആർഎസ്എസ് സംഘർഷ മേഖലകളിലാണ് കനത്ത ജാഗ്രത പുലര്‍ത്തുന്നത്. ഇന്നലെ രാത്രി ന്യൂമാഹിയിൽ സിപിഐഎം പ്രവർത്തകരുടെ വീടിന് നേരെ ആക്രമണമുണ്ടായി. തില്ലങ്കരി,കോടിയേരി,ചക്കരക്കൽ മേഖലകളിൽ ശക്തമായ പൊലീസ് സാന്നിധ്യം ഏർപ്പെടുത്തിയിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios