മാനന്തവാടി: വന്യമൃഗശല്യം രൂക്ഷമായ തോൽപ്പെട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടതായി കരുതിയ സംഭവം കൊലപാതകമാണെന്ന് മാനന്തവാടി പോലീസ്. സംഭവത്തില്‍ മരിച്ച തോമസിന്‍റെ അയല്‍വാസികളായ മൂന്ന് പേരെ അറസ്റ്റുചെയ്തു.
പ്രതികൾ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന് വരുത്തി തീർക്കാൻ മൃതദേഹം വനത്തോട് ചേർന്ന് റോഡരികിൽ ഉപേക്ഷിച്ചുവെന്നാണ് പോലിസിനു ലഭിച്ച പ്രാഥമിക മൊഴി.
കഴിഞ്ഞ ദിവസം രാവിലെയാണ് അരണപ്പാറ റോഡരികിൽ വനത്തോട് ചേർന്ന് വാകേരി കോട്ടക്കൽ തോമസ് (ഷിമി 28) നെ മരിച്ച നിലയിൽ കണ്ടത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്ന ധാരണയിൽ നാട്ടുകാർ പ്രതിഷേധം ഉയർത്തുകയും മാനന്തവാടി-കുട്ട റോഡ് മണിക്കൂറുകളോളം ഉപരോധിക്കുകയും ചെയ്തു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അറസ്റ്റ് . അയല്‍വാസിയായ ലിനുമാത്യു, നിസാര്‍, പ്രതീഷ് എന്നിവരാണ് അറസ്റ്റിലായത്
മൃതദേഹത്തിൽ കണ്ട മുറിവുകളും സമീപത്തുനിന്നും കണ്ടെത്തിയ ഇരുമ്പുവടിയുമാണ് അന്വേഷത്തില്‍ പ്രഥാന തെളിവായത്. പ്രത്യേക അന്വേഷണ സംഘം നാട്ടുകാരായ ആറു പേരെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധമില്ലെന്നുകണ്ട് മൂന്നു പേരെ വിട്ടയച്ചു.തുടര്‍ന്ന് ക്യതമ്യമായി മനസിലാക്കിയതിനുശേഷമായിരുന്നു മറ്റുള്ളവരുടെ അറസ്റ്റ്.
മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചന ലഭിച്ചിട്ടുണ്ടെങ്കിലും കൊലപാതകത്തിനു പുറമേനിന്നുളളവരുടെ പ്രേരണ ലഭിച്ചോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്. വന്യമൃഗത്തിന്റെ അക്രമണത്തിൽ കൊലചെയ്യപ്പെട്ടു എന്ന് കരുതുകയും സർക്കാർ ആശ്രിതനിയമനവും നഷ്ടപരിഹാരവും പ്രഖ്യാപിക്കുകയും ചെയ്ത ശേഷം മരണം ആസൂത്രിത കൊലപാതകമാണെന്ന് തെളിയുന്ന കേരളത്തിലെ ആദ്യ സംഭവമാണിത്.
