കൊല്ലം: കൊല്ലം കണ്ണനല്ലൂരില്‍ യുവതിയെ വെട്ടിക്കൊന്നു. കിളികൊല്ലൂര്‍ സ്വദേശി സിനിത ആണ് മരിച്ചത്. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ക്രിസ് മസ് ദിനത്തില്‍ ഉച്ചക്ക് 12 മണിയോടെയാണ് കണ്ണനല്ലൂര്‍ സ്വദേശി സിനിത കൊല്ലപ്പെടുന്നത്. മൂന്ന് മാസം മുന്പാണ് സിനിതയും മൂന്ന് മക്കളും കണ്ണനല്ലൂരിലെ ഒരു വീട്ടില്‍ വാടകക്ക് താമസം തുടങ്ങുന്നത്. എറണാകുളത്ത് ജോലി നോക്കുന്ന സിനിത ക്രിസ്മസ് അവധിക്ക് നാട്ടിലെത്തിയതാണ്.

കണ്ണനല്ലൂര്‍ സ്വദേശി സതീശന്‍ ഏതാനും വര്‍ഷങ്ങളായി സിനിതക്കൊപ്പം താമസിച്ച് വരികയാണ്. സ്ഥിരം മദ്യപാനി ആയ സതീശന്‍ സിനിതയെ മര്‍ദിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ക്രിസ്മസ് ദിനത്തിലും പതിവ് പോലെ മദ്യപിച്ച സതീശന്‍ സിനിതയുമായി വഴക്കിട്ടു. അതിനൊടുവില്‍ ഇയാള്‍ സിനിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച സതീശനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. മരിച്ച സിനിതയുടെ മൃതദേഹം കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.