ലക്‌നൗ: അമ്മയേയും നാല് മക്കളെയും ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. അമ്മയും ഒരു കുട്ടിയും കൊല്ലപ്പെട്ടു. സംഭവത്തില്‍ കുരുങ്ങി പൊലീസും. കഴിഞ്ഞ ദിവസമാണ് ബീഹാര്‍ സ്വദേശികളായ അമ്മയേയും നാല് മക്കളേയും ട്രെയിനില്‍ നിന്നും തള്ളിയിട്ട നിലയില്‍ കണ്ടെത്തിയത്. ഇതില്‍ അമ്മയുടെയും ഒരു കുട്ടിയുടെയും മൃതദേഹമാണ് ലഭിച്ചത്. മറ്റ് മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
എന്നാല്‍ സംഭവത്തില്‍ യാതൊരു തെളിവും ലഭിക്കാതെ പൊലീസ് നട്ടം തിരിയുകയാണ്. കുറഞ്ഞത് 50 കിലോമീറ്റര്‍ അകലത്തിലാണ് മൃതശരീരങ്ങളും പരിക്കേറ്റ നിലയില്‍ മറ്റു കുട്ടികളെയും കണ്ടെത്തിയത്. അമൃത്സര്‍ സഹര്‍സ എക്‌സ്പ്രസിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റിലാണ് ഇവര്‍ സഞ്ചരിച്ചതെന്ന് മാത്രമാണ് പൊലീസിന് അറിയുന്നത്. ഇതേസമയം ട്രെയിനില്‍ യാത്ര ചെയ്തവരാരും ഇക്കാര്യത്തെ കുറിച്ച് യാതൊരു പരാതിയും നല്‍കാത്തതും മൊഴി നല്‍കാത്തതും സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്.
ബിഹാറിലെ മോട്ടിഹാരി സ്വദേശികളാണ് കുടുംബാംഗങ്ങള്‍. എന്നാല്‍ യു.പിയിലെ വിവിധ മേഖലകളില്‍ നിന്നുമാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രക്ഷപ്പെട്ട മൂന്ന് കുട്ടികളില്‍ ഒമ്പതു വയസുകാരി മാത്രമാണ് അപകടാവസ്ഥ തരണം ചെയ്തത്. അതേസമയം ഒമ്പത്് വയസുകാരിയായ അല്‍ഗണ്‍ ഖാട്ടൂണ്‍ പറയുന്നതില്‍ വൈരുദ്ധ്യമുള്ളതും പൊലീസിനെ വലയ്ക്കുകയാണ്.
പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ ആദ്യം തന്റെ പിതാവാണ് തള്ളിയിട്ടതെന്നാണ് പറഞ്ഞത്. എന്നാല്‍ പിന്നീട് തന്റെ അമ്മാവനാണെന്നും അദ്ദേഹത്തിന്റെ സുഹൃത്താണെന്നും പെണ്‍കുട്ടി മൊഴിമാറ്റി. തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 12 കാരിയയായ റബിന ഖാട്ടൂണിന് സുപ്രധാന വിവരങ്ങള്‍ നല്‍കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസിപ്പോള്‍.
