ഹരിയാന: റയാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ കൊലപാതകത്തില്‍ പ്രതിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഗുരുഗ്രാം കോടതി തള്ളി. ഈ മാസം ഇരുപത്തി രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. സി ബി ഐയുടെയും കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ജസ്പ്രീത് സിങ്ങ് കുണ്ഡു ജാമ്യാപേക്ഷ നിരസിച്ചത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി തള്ളി. കേസില്‍ രഹസ്യ വിചാരണ നടത്തണമെന്ന വാദം കോടതി അംഗീകരിച്ചു.

കഴിഞ്ഞ സെപ്റ്റംബര്‍ എട്ടിനാണ് പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവെയ്ക്കാന്‍ രണ്ടാം ക്ലാസുകാരന്‍ പ്രദ്യുമാന്‍ ഠാക്കൂറിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നത്. റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശുചിമുറിക്കകത്ത് നടന്ന കൊലപാതകത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടറെയാണ് ഗുരുഗ്രാം പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. 

എന്നാല്‍ സിബിഐ അന്വേഷണത്തില്‍ പ്രതി പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തി. ബസ് കണ്ടക്ടറെ വെറുതെ വിടുകയും പ്ലസ് വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പ്രദ്യുമന്റെ അച്ഛനും സിബിഐയും സമര്‍പ്പിച്ച അപേക്ഷയേ തുടര്‍ന്ന് പ്രതിയെ മുതിര്‍ന്ന പൗരനായി കണക്കാക്കി വിചാരണ ചെയ്യാന്‍ ജുവനൈല്‍ ബോര്‍ഡ് ഉത്തരവിട്ടു. നിര്‍ഭയ സംഭവത്തിന് ശേഷം പാര്‍ലമെന്റ് പാസാക്കിയ 2015 ലെ ബാലനീതി നിയമത്തിലെ ഭേതഗതി അനുസരിച്ചായിരുന്നു ഉത്തരവ്.