മൂന്നാര്‍: തമിഴ്നാട്ടിലേക്ക് ഓട്ടംപോയ ഡ്രൈവര്‍മാരായ ശരവണന്‍ (19), ജോണ്‍ പീറ്റര്‍ (18) എന്നിവരെ വെട്ടിക്കൊന്നു. ഓട്ടം വിളിച്ച തിരുനെല്‍വേലി സ്വദേശി എസ്റ്റേറ്റ് മണിയ്ക്കായി പൊലീസ് അന്വേഷണം തുടങ്ങി. കൊച്ചി- ധനുഷ്കോടി ദേശീയപാതയില്‍ ബോഡിമെട്ടിന് സമീപം മണപ്പെട്ടിയില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നിര്‍ത്തിയിട്ടിരുന്ന ഓട്ടോയില്‍ നിന്ന് രക്തം ഒഴുകുന്നത് കണ്ട നാട്ടുകാര്‍ പൊലീസില്‍ വിരം അറിയിക്കുകയായിരുന്നു.
തേനി ജില്ലാ പോലീസ് മേധാവി ഭാസ്‌കറിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയും മൃതദേഹങ്ങള്‍ ബോഡിമെട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിനായി മൂന്നാറിലെത്തിയതായിരുന്നു മണി. തിരിച്ച് നാട്ടിലേക്ക് മടങ്ങാനാണ് ഓട്ടം വിളിച്ചത്. ദീര്‍ഘദൂര യാത്രയായതിനാല്‍ ശരവണിനൊപ്പം സഹായി ജോണും പോയി. സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മണിക്ക് വേണ്ടി ഓട്ടോ വിളിച്ച് കൊടുത്തത് എല്ലപ്പെട്ടി എസ്റ്റേറ്റിലെ സെന്തിലും രമേഷുമാണ്.
സെന്തിലിന്‍റെ ഫോണിലേക്ക് രാത്രി 12.10 ന് വിളിച്ച മണി ശരവണിനെയും ജോണിനെയും കൊലപ്പെടുത്തിയെന്ന് പറഞ്ഞതായി സെന്തില്‍ മൊഴി നല്‍കി. 15 ഓളം കൊലക്കേസുകളില്‍ പ്രതിയായ മണി തന്‍റെ അകന്ന ബന്ധുവായ ചെല്ലദുരൈയെ തേടിയാണ് മൂന്നാറില്‍ എത്തിയത്. മുമ്പൊരിക്കല്‍ മറ്റൊരു കേസില്‍ ഒളിവില്‍ കഴിയുന്ന സമയത്ത് ഇയാള്‍ ഒറ്റുകൊടുത്തിരുന്നു. അതിന് പ്രതികാരം ചെയ്യാന്‍ എത്തിയ താന്‍ ചെല്ലദുരൈയെ കിട്ടാത്തത് കൊണ്ട് ശരവണിനെയും ജോണിനെയും കൊലപ്പെടുത്തി എന്നാണ് ഇയാള്‍ സെന്തിലിനോട് പറഞ്ഞത്.
