കൊല്ലം: കുരീപ്പള്ളിയില്‍ 14 കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ജയമോള്‍ക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കി. ജയയുടെ ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ജയമോള്‍ റിമാന്‍ഡിലായതിന് ശേഷമാണ് ഭര്‍ത്താവ് ജോബ്, മകള്‍ ടീന അടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.
പ്രാഥമിക പരിശോധനയില്‍ ജയയുടെ മൊഴിയും ഇവരുടെ മൊഴിയും തമ്മില്‍ ഒത്തുപോകുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് പൊലീസ് കരുതുന്നത്. ഒപ്പം ഭര്‍തൃവീട്ടുകാരുമായുള്ള സ്വത്ത് തര്‍ക്കം, മകനുമായുള്ള ബന്ധം തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ട്. ഈ സാഹചര്യത്തിലാണ് ജയമോളെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്.
മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ നല്‍കണമെന്നാണ് പൊലീസിന്റെ ആവശ്യം. കോടതി ബുധനാഴ്ച ഈ ആവശ്യം പരിഗണിക്കും. ജയമോളെ കസ്റ്റഡിയില്‍ കിട്ടിയ ശേഷം നേരത്തെ ഡോക്ടര്‍ നിര്‍ദേശിച്ചതിനുസരിച്ച് മാനസിക നില വിശദമായി പരിശോധിക്കും. ജയയുടെ ഭര്‍ത്താവും മകളും നല്‍കിയ മോഴിയില്‍ മാനസിക നിലയില്‍ ചെറിയ പ്രശ്‌നം കുറച്ച് നാളായി ഉണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അന്ധവിശ്വസങ്ങള്‍ ഏറെയുള്ള ആളായിരുന്നു ജയയെന്നും ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്
