ലോകത്തെ ഏറ്റവും മനോഹരമായ വികാരമായാണ് പ്രണയം വിലയിരുത്തപ്പെടുന്നത്. എന്നാൽ എല്ലായിപ്പോഴും അത് അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ചിലപ്പോഴെങ്കിലും ക്രൂരമായ കുറ്റകൃത്യങ്ങൾക്കും പ്രണയം കാരണമാകാറുണ്ട്.
നിക്കോൾ കസിൻകസ് എന്ന പതിനാലുകാരിയുടെ കഥ അത്തരത്തിലൊന്നാണ്. നാൽപ്പത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ന്യൂഹാംഷെയറിലെ ജയിലിൽ കഴിയുകയാണഅ നിക്കോൾ കസിൻകസ്. ഇത്ര നീണ്ടശിക്ഷ കിട്ടാനുള്ള എന്ത് കുറ്റമായിരിക്കും നിക്കോൾ ചെയ്തിരിക്കുക? പെറ്റമ്മയെ കൊന്നതാണ് ആ കുറ്റം.
നിക്കോളിന് പതിനൊന്ന് വയസ്സുള്ളപ്പോഴാണ് ജെന്നെ ഡോമിനിക്കോ ഭർത്താവുമായി വേർപിരിയുന്നത്. പിന്നെ മകളായിരുന്നു അവർക്ക് എല്ലാം. പക്ഷെ പതിനൊന്നാം വയസ്സിലെ മാതാപിതാക്കളുടെ വേർപിരിയൽ നിക്കോളിൽ ഉണ്ടാക്കിയത് വല്ലാത്തൊരു മാനസിക പിരിമുറുക്കമായിരുന്നു.
പതിനാലാം വയസ്സിലാണ് നിക്കോൾ ഇന്റർനെറ്റിൽ നിന്ന് പതിനാറുകാരനായ ബില്ലി സല്ലിവനെ കണ്ടെത്തുന്നത്. മകളുടെ ഇഷ്ടം ജെന്നെ ഒരു തരത്തിലും എതിർത്തിരുന്നില്ല.
പക്ഷെ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന മാനസികനിലയുടെ ഉടമയായിരുന്നു ബില്ലി .
മകളെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ജെന്നെക്ക് നിർബന്ധം പിടിക്കേണ്ടിവന്നു. പക്ഷെ അതിന് അവർ കൊടുക്കേണ്ടിവന്ന വില സ്വന്തം ജീവനായിരുന്നു. ബില്ലി സള്ളിവന്റെ അരുംകൊലയ്ക്ക് നിക്കോൾ കൂട്ടുനിന്നു. സ്വന്തം അമ്മയെ കൊല്ലാൻ കൂട്ടുനിൽക്കാൻ നിക്കോളിനെ പ്രേരിപ്പിച്ചത് ബില്ലിയോടുള്ള അന്ധമായ പ്രണയമായിരുന്നു. സ്വന്തം അമ്മയെ കൊലപ്പെടുത്താൻ കൂട്ടുനിന്ന പതിനാലുകാരിയുടെ വികാരത്തെ പ്രണയമെന്ന് എങ്ങനെ വിളിക്കും?
