മൂന്നാർ പള്ളിവാസലിൽ അമ്മയെയും മകളെയും കൊലപ്പെടുത്തിയ മകളുടെ കാമുകൻറെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പള്ളിവാസൽ ആറ്റുകാട് 12 മുറി ലയത്തിൽ താമസിക്കുന്ന പ്രഭു സംഭവത്തിനു ശേഷം വെള്ളത്തൂവൽ പൊലീസിൽ കീഴടങ്ങിയിരുന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻറു ചെയ്തു.
ഇന്നലെ രാത്രിയാണ് പ്രഭു കാമുകിയായ പള്ളിവാസൽ സ്വദേശി ഗീതയെയും അമ്മയെയും വീട്ടിനുള്ളിൽ വച്ച് കുത്തി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗീതയും പ്രഭുവും തമ്മിൽ സ്നേഹത്തിലായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തെ തുടർന്ന് ഗീത സതീഷ് എന്നയാളെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഗീതയും പ്രഭുവും തമ്മിലുള്ള ബന്ധം തുടർന്നു. ഇടക്ക് സതീഷുമായി പിണങ്ങിയ ഗീത നാല് വർഷത്തോളം പ്രഭുവുമൊത്ത് തമിഴ്നാട്ടിൽ താമസിച്ചു. വീട്ടുകാർ ഇടപെട്ട് തിരികെ കൊണ്ടു വന്നു. എലത്തോട്ടത്തിലെ പണികൾക്കായി പള്ളിവാസലിൽ താമസിക്കുകയായിരുന്നു. നാട്ടിലെത്തിയ പ്രഭു ഗീതയോട് തന്നോടൊപ്പം ജീവിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നലെ രാത്രി സതീഷില്ലാത്ത സമയത്ത് വീട്ടിലെത്തിയ പ്രഭു ഗീത ഒപ്പം വരണമെന്ന് വാശിപിടിച്ചു.
ഇതേത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഉളി ഉപയോഗിച്ചാണ് ആശാരിപ്പണിക്കാരനായ പ്രഭു ഗീതയെയും തടസ്സം പിടിക്കാനെത്തിയ രാജമ്മാളിനെയും കൊലപ്പെടുത്തിയത്. ഇരുവരുടെയും ദേഹത്ത് നിരവധി മുറിവുകളുണ്ട്. കൊലപാതകത്തിനു ശേഷം പ്രഭു വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂന്നാർ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്കയച്ചു.
