വൃ‍ദ്ധന്റെ മരണം കൊലപാതകം
വാടാനപ്പിള്ളി പൊക്കുളങ്ങരയിലെ വൃദ്ധന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊട്ടുക്കൽ സത്യനെ മദ്യലഹരിയിൽ തല്ലിക്കൊന്ന കേസിൽ മകൻ സലീഷിനെ അറസ്റ്റ്ചെയ്തു. വീട്ടിൽ അധിക മുറി നിർമ്മിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ബുധനാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. സ്ഥിരം മദ്യപാനിയായ സലീഷ് അച്ഛനുമായി വഴക്കിടുന്നത് പതിവായിരുന്നു. സംഭവ ദിവസം വീടിനോട് ചേർന്ന് പുതിയ മുറിയെടുക്കുന്നതിന്റെ പണിയിലായിരുന്നു സലീഷ്.
ഇതേ ചൊല്ലി അച്ഛനുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്. പണിതു കൊണ്ടിരുന്ന മറിയുടെ തറയിലേക്ക് അച്ഛനെ തള്ളിയിട്ട സലീഷ് കരിങ്കല്ലെടുത്ത് തലയിലും മുഖത്തും ഇടിക്കുകയുമായിരുന്നു.
കൊല്ലരുതെന്ന് അഭ്യർത്ഥിച്ച് അവശനിലയിൽ കിടന്ന സത്യനെ കോപത്തിൽ വീണ്ടും ക്രൂരമായി മർദ്ദിച്ചു. ആക്രമണത്തിൽ 65 കാരന്റെ എട്ട് വാരിയെല്ലുകൾ ഒടിഞ്ഞു, തലയിൽ രക്തസ്രാവവുമുണ്ടായി ആന്തരീക അവയവങ്ങൾക്കേറ്റ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് പൊലീസ് പറയുന്നു.
സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയും മകളും തിരിച്ചെത്തിയപ്പോഴാണ് അവശനിലയിൽ രക്തത്തിൽ കുളിച്ച് ചളി പുരണ്ട് കിടക്കുന്ന സത്യനെ കണ്ടത്. ഉടൻ തന്നെ കുളിപ്പിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. വീട്ടിലേക്ക് വരുംവഴി എവിടെയോ വിണ് പരിക്കേറ്റെന്നാണ് സലീഷ് മറ്റുള്ളവരെ ധരിപ്പിച്ചിരുന്നത്.
എന്നാൽ പരിക്കുകൾ കണ്ട് സംശയം തോന്നി ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിച്ചു. സംഭവദിവസം തന്നെ മകനെ കസ്റ്റലിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തു വന്നിരുന്നു. ആദ്യഘട്ടത്തിൽ നിഷേധിച്ചെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് കോടതിൽ ഹാജരാക്കിയ സലീഷിനെ റിമാന്ഡ് ചെയ്തു.
