Asianet News MalayalamAsianet News Malayalam

"കൊല നടത്തിയ ശേഷം പ്രതികൾ പടക്കം പൊട്ടിച്ച് ആഘോഷിച്ചു"; ഗുരുതര ആരോപണവുമായി ശരത് ലാലിന്‍റെ അച്ഛൻ സത്യ നാരായണൻ

"  ശാസ്തഗംഗാധരൻ ഉറ്റ സുഹൃത്തായിരുന്നു ഇയാളാണ് കൊലയാളികൾക്ക് വേണ്ട വണ്ടി സൗകര്യങ്ങളും മറ്റ് ഏ‌ർപ്പാടുകളും ശരിയാക്കി കൊടുത്തത്, ഗംഗാധരന്‍റെ മകനാണ് കൊലയാളികൾക്ക് നിൽക്കേണ്ട സ്ഥലം കാണിച്ചു കൊടുത്തത് "

murderers celebrated by burning crackers accuses murder congress worker sharaths father
Author
Trivandrum, First Published Feb 21, 2019, 9:27 PM IST

കാസർകോട്: ഏറെക്കാലത്തെ ആസൂത്രണത്തിന് ശേഷമാണ് മകനെ കൊന്നുകളഞ്ഞതെന്ന് ശരത്ത് ലാലിന്‍റെ അച്ഛൻ സത്യനാരായണൻ. പ്രദേശത്തെ വ്യവസായിയായ ശാസ്താ ഗംഗാധരന് ഇരട്ടക്കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും കൊലയാളികളെ രണ്ട് ബാച്ചായി നിര്‍ത്തിയാണ് കൃത്യം നടത്തിയതെന്നും സത്യനാരായണന്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സത്യനാരായണന്‍റെ വാക്കുകള്‍...  

ഞങ്ങളുടെ നാട്ടിലെ പ്രധാന വ്യവസായിയായ ശാസ്താ ഗംഗാധരൻ എന്‍റെ സുഹൃത്താണ്. ഇയാളാണ് കൊലയാളികൾക്ക് വേണ്ട വണ്ടിയും  മറ്റു സൗകര്യങ്ങളും  ശരിയാക്കി കൊടുത്തത് . സംഭവദിവസം അഞ്ചെട്ടോളം വണ്ടികൾ ശാസ്ത ഗംഗാധരന്‍റെ വസ്തുവിലൂടെയുള്ള സ്വകാര്യ റോഡിലൂടെയാണ് കൊല നടത്താനായി എത്തിയത്. ഗംഗാധരന്‍റെ മകനാണ് കൊലയാളികളെ സ്ഥാനത്ത് നിർത്തിയത്. കൊലയാളികളെ രണ്ടു ബാച്ചായി നിർത്തി, ഒരു വശത്ത് കൂടി ഓടിയാൽ മറ്റേ വഴി പിടിക്കാനായിരുന്നു ഇത്. കൃത്യം നടത്തിയ ശേഷം സ്വകാര്യ റോഡിലൂടെ രക്ഷപ്പെട്ട സംഘം കാഞ്ഞിരങ്ങോട്ടെ വീട്ടിൽ വച്ച് വസ്ത്രം മാറി, ഇതിന് ശേഷം കൊലയാളികൾ പടക്കം പൊട്ടിച്ച് ഇൻക്വിലാബ് സിന്ദാബാദ് വിളിച്ച് ആഹ്ളാദ പ്രകടനം നടത്തി.

പീതാംബരനും ഏതാനും ആളുകളും ചേർന്ന് നടത്തിയ കൊലപാതകമല്ല, പുറത്ത് നിന്ന് ആളെകൊണ്ടു വന്നാണ് എന്‍റെ മകനെ കൊലപ്പെടുത്തിയത്. ഇത് അന്വേഷിച്ച് കണ്ടെത്തണം, സിബിഐ പോലെ ഒരു സ്വതന്ത്രമായ അന്വേഷണ സംഘം വന്നാൽ മാത്രമേ ഇതിന് കഴിയൂ.

സിപിഎം കേന്ദ്രത്തിൽ വച്ച് ഒരു വാഹനം പിടിക്കപ്പെട്ടു, എന്നാൽ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കുഞ്ഞിരാമന്‍റെ ഇടപെടൽ മൂലം ആ വാഹനം കസ്റ്റഡിയിലെടുത്തില്ല. അതിന് അടുത്ത ദിവസമാണ് സജി ജോർജ്ജിനെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളുടെ അറസ്റ്റ് വൈകിപ്പിച്ചത് മുൻ എംഎൽഎ കുഞ്ഞിരാമനാണെന്നും സത്യനാരായണൻ ആരോപിക്കുന്നു.

നല്ല സംഘാടക പാടവമുള്ളവരായിരുന്നു കൊല്ലപ്പെട്ട രണ്ടു കുട്ടികളും. ശബരിമല വിഷയത്തിൽ ഇവർ നാട്ടിൽ സംഘടിപ്പിച്ച ജാഥയാണ് പീതാംബരന്‍റെ അപ്രീതിക്ക് കാരണമായത്. ജാഥയിൽ പങ്കെടുത്ത രണ്ട് കുട്ടികളെ പീതാംബരന്‍ സിപിഎമ്മുകാരെ വച്ചു തല്ലി. ഇതു ചോദ്യം ചെയ്യാന്‍ ശരത് ലാല്‍ പോയത് കശപിശയ്ക്ക് കാരണമായി. .

കലാകാരനായിരുന്ന ശരത്ത് നാട്ടിലെ വാദ്യ സംഘത്തിലുണ്ടായിരുന്നു. മികച്ച സംഘാടകനുമായിരുന്നു അവന്‍. അതിനാല്‍ തന്നെ നാട്ടിലെ സിപിഎമ്മുകാർ ശരത്തിനെ നേരത്തെ നോട്ടമിട്ടിരുന്നു. അവന് നേരെ അവര്‍ നീങ്ങുമോ എന്ന ഭയത്തില്‍ മംഗലാപരത്ത് പഠിച്ചിരുന്ന മകനെ ഞാന്‍ പിന്നീട് ആരുമറിയാതെ പോണ്ടിച്ചേരിക്ക് മാറ്റിയിരുന്നു.

Follow Us:
Download App:
  • android
  • ios