ഇടുക്കി: മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ആശങ്കപടര്‍ത്തി ക്രിമിനലുകളുടെ കടന്നുകയറ്റവും കൊലപാതകങ്ങളും. വര്‍ദ്ധിക്കുന്ന അനിഷ്ടസംഭവങ്ങള്‍ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ അസ്വസ്ഥത പടര്‍ത്തുന്നു. ഒരാഴ്ചയ്ക്കിടയില്‍ കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ മൂന്നു മരണങ്ങള്‍ തോട്ടം മേഖലയെ ഞെട്ടിച്ചു.
കേരള തമിഴ്‌നാട് അതിര്‍ത്തിയായ മണപ്പട്ടിയില്‍ എല്ലപ്പെട്ടി എസ്റ്റേറ്റ് സ്വദേശികളായ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ വെട്ടേറ്റു മരിച്ചപ്പോള്‍ മറ്റൊരു അതിര്‍ത്തിഗ്രാമമായ ഉടുമലപ്പേട്ടയില്‍ 19 കാരിയായ വിദ്യാര്‍ത്ഥിനി അസ്വഭാവികമായി മരണപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഹോസ്റ്റലിലെ വാട്ടര്‍ ടാങ്കില്‍ മുങ്ങിയ നിലയിലാണ് കണ്ടെത്തിയത്.
സെപ്റ്റംബര്‍ 20ന് കൊരണ്ടക്കാട് വിമലാലയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി മാട്ടുപ്പെട്ടി ഡാമിലും മരിച്ചു. മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുട്ടിയുടെ രക്ഷിതാക്കള്‍ ഡി.ജി.പി മുതലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14 ന് ഗുണ്ടുമല എസ്റ്റേറ്റിലെ ശിശുപരിപാലനകേന്ദ്രത്തിലെ ആയ രാജഗുരുവും ക്രൂരമായി കൊല്ലപ്പെട്ടു.
രാജഗുരു കൊല്ലപ്പെട്ടിട്ട് പത്തു മാസം പിന്നിട്ടിട്ടും കൊലപാതകികളെ കുറിച്ച് ഒരു തുമ്പു പോലും ലഭിച്ചില്ല. ഫെബ്രുവരി 27 ന് ഗുണ്ടുമല എസ്റ്റേറ്റിലെ തൊഴിലാളിയായ ആസാം സ്വദേശി ബാറൂക്കിനെയും നമയക്കാട് എസ്റ്റേറ്റിലെ യുവാവിനെയും മരിച്ചനിലയില്‍ കണ്ടെത്തി. കേസുകളില്‍ ഒന്നു പോലും തെളിയിക്കാനാകാത്തതിന്‍റെ ആശങ്കയിലാണ് പോലീസ്.
