മസ്‍കറ്റ്: കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന മലയാളം മിഷന്റെ മസ്‌കറ്റിലെ ഉദ്ഘാടന വേദി അലങ്കോലപെട്ടു. സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍, മലയാളം മിഷന്റെ ഒമാന്‍ അഡ്‌ഹോക്ക് കമ്മറ്റി രൂപീകരണത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ ഉണ്ടായതാണ് യോഗം അലങ്കോലപെടാന്‍ കാരണമായത്.
ദാര്‍സൈത് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന, മസ്‌കറ്റിലെ മലയാളം മിഷന്‍ വിപുലീകരണ യോഗത്തില്‍ മന്ത്രി എ.കെ ബാലനെ കൂടാതെ ഇന്ത്യന്‍ സ്ഥാനപതി ഇന്ദ്രമണി പാണ്ഡേ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവരും മറ്റു സാമൂഹ്യ സാംസ്‌കാരിക രംഗത്തുള്ളവരും പങ്കെടുത്തു. അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരണത്തിന്റെ തുടക്കം മുതല്‍തന്നെ അഭിപ്രായ വിത്യാസങ്ങള്‍ നിലനിന്നിരിക്കെ, മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമിതിയില്‍ അര്‍ഹരായവരെ ഒഴിവാക്കി രാഷ്‌ട്രീയ പ്രവര്‍ത്തകരെ തിരുകിക്കയറ്റിയെന്നാണ് ആരോപണം.
മസ്കറ്റില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള സൂര്‍ മേഖലയില്‍നിന്നും വന്ന മലയാളികള്‍, ആ മേഖലയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ടയാളെ പരിചയമില്ലെന്നും തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നും ആവശ്യപെട്ടതോടെയാണ് യോഗം അലങ്കോലമാകുവാന്‍ തുടങ്ങിയത്. ആരോപണങ്ങള്‍ പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കിയതോടെയാണ് ഹാളിലെ ബഹളം അടങ്ങിയത്. പ്രാതിനിധ്യം വേണമെന്ന് പറഞ്ഞവരെ ഹാളില്‍നിന്നും പുറത്താക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ തുനിഞ്ഞ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞു വയ്‌ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
