ലാഹോര്‍: ഇന്ത്യൻ സൈന്യത്തിനെതിരെ താൻ ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബയെ ഉപയോഗിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മുൻ പ്രസിഡന്‍റ് പര്‍വ്വേസ് മുഷറഫ്. ലഷ്കറെ ത്വയ്ബയുടെ ആരാധകനാണ് താനെന്നും മുഷറഫ് ഒരഭിമുഖത്തിൽ പറഞ്ഞു.പാക്കിസ്ഥാനിലെ സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് മുൻ പാക്ക് പ്രസിഡന്‍റ് പർവ്വേസ് മുഷറഫിന്‍റെ വിവാദ വെളിപ്പെടുത്തൽ.
കാശ്മീരിൽ ഇന്ത്യൻ സൈന്യത്തെ നേരിടാൻ എക്കാലവും താൻ ലഷ്കറെ ത്വയ്ബയെ ഉപയോഗിച്ചിരുന്നു. ഇപ്പോഴും ലഷ്കറിനെ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവതാരകൻ ചോദിച്ചപ്പോൾ അതെ എന്നായിരുന്നു മുഷറഫിൻറെ മറുപടി.
ലഷ്കർ സ്ഥാപകനായ ഹാഫിസ് സയിദിനോടും തനിക്ക് അനുകൂല നിലപാടാണ്. പ്രസിഡന്‍റായിരുന്നപ്പോൾ ഹാഫിസുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും മുഷറഫ് വെളിപ്പെടുത്തുന്നു. ഇന്ത്യയ്ക്കൊപ്പം അമേരിക്കയും ലഷ്കറെ ത്വയ്ബ ഭീകരസംഘടനയാണെന്ന് വ്യക്തമാക്കുമ്പോഴാണ് മുഷറഫ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
2008 ലെ മുബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരനാണ് ഹാഫിസ് സയിദെന്ന ഇന്ത്യൻ വാദത്തെ എതിർത്ത് നേരത്തെയും മുഷറഫ് രംഗത്ത് വന്നിട്ടുണ്ട്. വീട്ടുതടങ്കലിൽ കഴിഞ്ഞിരുന്ന ഹാഫിസ് സെയ്ദിനെ പാക്കിസ്ഥാൻ മോചിപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ അനുകൂല നിലപാടുമായി മുഷറഫ് രംഗത്ത് വന്നതും ശ്രദ്ധേയമാണ്.
