വടകര: തോടന്നൂരില്‍ ലീഗ് ഓഫീസിനുനേരെ അക്രമം. ആക്രമികള്‍ ഓഫീസിനു തീയിട്ടു. അക്രമണത്തിനു പിന്നില്‍ സി.പി.എം ആണെന്ന് ലീഗ് നേതൃത്വം ആരോപിച്ചു. വടകര തോടന്നൂരിലെ ലീഗ് ഓഫീസിനുനേരെ പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. 

തീവെപ്പില്‍ ഓഫീസിലെ ഫര്‍ണിച്ചറുകളും, ഫയലുകളും കത്തി നശിച്ചു. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ഇതേ ഓഫീസ് അക്രമിക്കപ്പെടുന്നത്. വടകരമേഖലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ സി.പി.എം ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആരോപണം.

കഴിഞ്ഞ ദിവസം കാക്കുനിയിലെ സി.പി.എം ഓഫീസും അക്രമിക്കപ്പെട്ടിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി ഓഫീസുകള്‍ അക്രമിക്കപ്പെടുമ്പോള്‍ ജില്ലയില്‍ വലിയ രീതിയിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടാവാറുണ്ട്. അതുകൊണ്ടുതന്നെ അക്രമങ്ങള്‍ തടയാന്‍ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.