തീവ്രവാദത്തിന്റെ പേരില്‍ സംഘ പരിവാര്‍ അജന്‍ഡ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് മുസ്ലീം ലീഗിന്റെ നിലപാട്. മുസ്ലിം മത സംഘടനകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും തീവ്രവാദ കേസുകളുടെ പേരില്‍ പ്രതി സ്ഥാനത്ത് നിര്‍ത്തരുത്. പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തെ സംബന്ധിച്ച് പരാതി ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുകയാണ് വേണ്ടതെന്നും അല്ലാതെ യുഎ പിഎ ചുമത്താന്‍ പാടില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാര്‍ ഉദ്ദേശശുദ്ധി സംശയിക്കണമെന്നും യോഗ തീരുമാനം വിശദീകരിച്ച ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിനെതിരെ സമാന ചിന്താഗതി പുലര്‍ത്തുന്ന സംഘടനകളുമായും മുസ്ലീം വ്യക്തി നിയമ ബോര്‍ഡുമായും ചര്‍ച്ച നടത്തും. സലഫി പ്രാസംഗികന്‍ ഷംസുദ്ദീന്‍ പാലത്തിനെതിരെ യു.എ.പി എ ഇട്ടത് അംഗീകരിക്കാനാവില്ല.തീവ്രവാദ വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അടുത്ത യു.ഡി.എഫ് യോഗത്തിലും ചര്‍ച്ച ചെയ്യുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.