ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ലീഗിന്റെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ ഒന്നിച്ച് നീങ്ങാനാണ് ധാരണ. മുസ്ലീം വ്യക്തി നിയമ ബോര്‍ഡും,സമസ്തയും ഇതിനെതിരെ സ്വീകരിച്ച നിലപാടിന് പിന്തുണയറിക്കാന്‍ കൂടിയാണ് യോഗം ചേരുന്നത്. ഈ യോഗത്തിലേക്കാണ് മറ്റ് സംഘടനാ നേതാക്കള്‍ക്കൊപ്പം കാന്തപുരത്തേയും ലീഗ് ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ യോഗത്തില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ പ്രതികരണം. ഇതിനിടെ കാന്തപുരത്തെ സഹകരിപ്പിക്കാനുള്ള ലീഗ് തീരുമാനത്തിനെതിരെ ഇ.കെ സുന്നികള്‍ പ്രതിഷേധത്തിലാണ്. സമസ്തക്കും ലീഗിനുമെതിരെ പരസ്യ നിലപാട് സ്വീകരിച്ച കാന്തപുരത്തെ സിവില്‍കോഡ് വിഷയത്തില്‍ സഹകരിപ്പിക്കണമോയെന്ന ചോദ്യം ഇ.കെ വിഭാഗം ഉന്നയിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പിക്കാന്‍ കാന്തപുരം ആഹ്വാനം നല്‍കിയതും, തിരുകേശ വിവാദം, നോളജ് സിറ്റി ഭൂമി ഇടപാട് തുടങ്ങിയ വിഷയങ്ങളില്‍ കാന്തപുരത്തിനെതിരെ സ്വീകരിച്ച നിലപാടും ഇ.കെ സുന്നികള്‍ ചൂണ്ടിക്കാട്ടുന്നു.