മതം തടസമായില്ല, ഹിന്ദു യുവാവിന്‍റെ ചിതയ്ക്ക് തീകൊളുത്തി മുസ്ലിം യുവാവ്
കൊല്ക്കത്ത: മതമോ ജാതിയോ കുലമോ തടസമായിരുന്നില്ല തന്റെ ആത്മാര്ഥ സുഹൃത്തിന് അവസാനമായി അന്ത്യകര്മ്മങ്ങള് ചെയ്യാന് റാബി ഷൈഖ് എന്ന യുവാവിന്. ബന്ധുക്കളാരുമില്ലാതിരുന്ന മുപ്പതുകാരനായ മിലന് ദാസിന്റെ ആഗ്രഹം ഹിന്ദു മതാചാരപ്രകാരം അന്ത്യകര്മ്മങ്ങള് ചെയ്യണമെന്നായിരുന്നു.
എന്നാല് ആര് ചെയ്യും ആ കര്മം എന്നതില് ആര്ക്കും ധാരണയില്ലായിരുന്നു. താന് ചെയ്യാമെന്ന് പറഞ്ഞ് മുന്നോട്ട് വന്ന മുസ്ലിം ചെറുപ്പക്കാരനെ കണ്ടപ്പോള് എല്ലാവരും നെറ്റിചുളിച്ചെങ്കിലും മറ്റാര് എന്ന ചോദ്യത്തില് എല്ലാം അവസാനിപ്പിച്ചു. ഒടുവില് തന്റെ പ്രിയസുഹൃത്തിന്റെ ചിതയ്ക്ക് റാബി ഷൈഖ് തീകൊളുത്തി. ഇതുകൊണ്ടും അവസാനിച്ചില്ല, സുഹൃത്തിന്റെ നിത്യശാന്തിക്കായി ശ്രാദ്ധ ചടങ്ങുകളും റാബി തന്നെ നടത്തി.
ഇത്രയും പരിശുദ്ധ സൗഹൃദത്തിന് സാക്ഷ്യം വഹിക്കാന് കഴിഞ്ഞതില് ഞാന് ഭാഗ്യവാനാണെന്നായിരുന്നു ചടങ്ങുകള്ക്ക് കാര്മികത്വം വഹിച്ച ഗുരുവിന്റെ വാക്കുകള്. ഇതിനപ്പുറം ഒരു സൗഹൃദക്കാഴ്ച എന്റെ ജീവിതത്തില് ഇനിയെനിക്ക് കാണാന് കഴിയുമെന്ന് തോന്നുന്നില്ലെന്നും കണ്ണ് നനച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
കുടുംബമില്ലാത്തതിന്റെ പേരില് അനാഥമായി ആ മൃദദേഹം മോര്ച്ചറിയില് കിടക്കുന്നത് തനിക്ക് സഹിക്കാനാവില്ല. ഹിന്ദു മതാചാരപ്രകാരം അന്ത്യകര്മങ്ങള് ചെയ്യാന് കഴിഞ്ഞ പത്ത് ദിവസമായി ഞാന് പഠിക്കുകയായിരുന്നുവെന്നുമായിരുന്നുവെന്നുമാണ് റാബിയുടെ വാക്കുകള്.
കഴിഞ്ഞ പത്ത് വര്ഷങ്ങളായി സുഹൃത്തുക്കളാണ് മരിച്ച മിലന് ദാസും റാബി ഷൈഖും. ഇവര് എല്ലാ ദിവസവും പരസ്പരം കണ്ടിരുന്നു. മെയ് 29നാണ് മിലന് മരിച്ചത്. ബന്ധുക്കളായി ആരെയും കണ്ടെത്താന് സാധക്കാത്തതോടെ മറ്റു നടപടികളിലേക്ക് അധികൃതര് നീങ്ങുകയായിരുന്നു. ഇതിനിടയിലാണ് റാബി ചടങ്ങുകള് നടത്താമെന്ന് അറിയിച്ച് എത്തിയത്.
