കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി മുസ്ലീം സംഘടനകള്‍. കോഴിക്കോട് വിവിധ മുസ്ലീം സംഘടനകളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി സമര പ്രഖ്യാപന കണ്‍വെഷന്‍ സംഘടിപ്പിച്ചു.

കേരളാ വഖഫ് ബോര്‍ഡിന് കീഴിലുള്ള നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നാണ് മുസ്ലീം സംഘടനകളുടെ പ്രധാന ആവശ്യം. 150ല്‍ താഴെ തസ്തികകളാണ് നിലവില്‍ വഖഫ് ബോര്‍ഡിന് കീഴിലുള്ളത്. നേരത്തെ ദേവസ്വം ബോര്‍ഡിലെ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. ഇതേ മാതൃക വഖഫ് ബോര്‍ഡിന്റെ കാര്യത്തിലും കാണിക്കണമെന്നാണ് സമരസമിതി ആവശ്യപ്പെടുന്നത്. മറ്റ് സംസ്ഥാനങ്ങളും കേരളത്തിന്‍റെ രീതി പിന്‍തുടര്‍ന്നാല്‍ മുസ്ലീം സമുദായത്തിന് വലിയ തിരിച്ചടിഉണ്ടാകുമെന്നാണ് സമരസമിതിയുടെ ആശങ്ക.

സര്‍ക്കാര്‍ തീരുമാനം 1995ലെ സെന്‍ട്രല്‍ വഖഫ് നിയമത്തിന് വിരുദ്ധമാണെന്നും സമരസമിതി വാദിക്കുന്നു. പി.എസ്.സി ക്ക് വിട്ട തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ജനുവരി 8 ന് മുസ്ലീം സംഘടനകളുടെ സംയുക്ത സമരസമിതി സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും. 15 ഓളം മുസ്ലീം സംഘടനാ പ്രതിനിധികള്‍ കോഴിക്കോട് ചേര്‍ന്ന കണ്‍വെഷനില്‍ പങ്കെടുത്തു.