കോഴിക്കോട്: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിനെതിരെ മുസ്ലീംസംഘടനകള്‍. കെ എ എസ്  നിലവില്‍ വരുന്നതോടെ സംവരണ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന് കോഴിക്കോട് ചേര്‍ന്ന സംയുക്തയോഗം വിലയിരുത്തി. കെ എ എസ് നടപ്പിലാക്കാനുള്ള തീരുമാനം പിന്‍വലിച്ചെങ്കില്‍ ഉടന്‍ പ്രക്ഷോഭം തുടങ്ങുമെന്നും കോഴിക്കോട് ചേര്‍ന്ന യോഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. 

സര്‍ക്കാര്‍ അംഗീകരിച്ച സ്പെഷ്യല്‍ റൂള്‍പ്രകാരം, 150ലധികം തസ്തികകളുളള കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്ക് മൂന്ന് രീതിയിലാണ് നിയമനം. സ്ട്രീം ഒന്നില്‍ നേരിട്ടുള്ള നിയമനമാകുമ്പോള്‍ രണ്ടും മൂന്നും തലങ്ങളില്‍ ബൈ ട്രാന്‍സ്ഫര്‍ എന്നാണ് വ്യവസ്ഥ. ഇതില്‍ നേരിട്ടുളള നിയമനത്തില്‍ മാത്രമെ സംവരണമുളളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം ഒന്നിലും ഗസറ്റഡ് ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷിക്കാവുന്ന സ്ട്രീം രണ്ടിലും സംവരണം നല്‍കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.

സംവരണ തത്വങ്ങള്‍ ഏത് രീതിയിലാകും പാലിക്കപ്പെടുക എന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ലെന്നാണ് മുസ്ലീം സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നത്.  തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സര്‍ക്കാരും വ്യക്തമാക്കിയിരിക്കുന്നു. ഒബിസി പട്ടികയിലുള്ള  മുഴുവന്‍ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് മുസ്ലീം സംഘടനകളുടെ തീരുമാനം.

പൊതുഭരണം, ധനകാര്യം ഉള്‍പ്പടെ 30 വകുപ്പുകളില്‍ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ജീവനക്കാരുടെ ഭരണകക്ഷി സംഘടനയുള്‍പ്പടെ നീക്കത്തിനെതിരെ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ കെഎഎസ് നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ഇതിനോടകം സ്റ്റേറ്റ് സിവില്‍ സര്‍വ്വീസ് നിലവില്‍ വന്നിട്ടുണ്ട്.