പൊതുസ്ഥലങ്ങളിൽ നിസ്കാരം വേണ്ടെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്കെതിരെ മുസ്ലിംസംഘടനകൾ രംഗത്ത്
ദില്ലി: പൊതുസ്ഥലങ്ങളിൽ നിസ്കാരം വേണ്ടെന്ന ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഘട്ടാറിന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിംസംഘടനകൾ രംഗത്ത്. രാജ്യത്തിന്‍റെ മതസൗഹാർദ പാരമ്പര്യത്തിന് എതിരായ പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടു.
പള്ളികളിലോ ഈദ്ഗാഹുകളിലോ നിസ്കരിക്കാം, പള്ളിക്കകത്ത് സ്ഥലപരിമിതിയുണ്ടെങ്കിൽ സ്വകാര്യ സ്ഥലം നോക്കണമെന്നും പൊതുസ്ഥലങ്ങളിൽ നിസ്കാരം പാടില്ലെന്നുമായിരുന്നു ബിജെപി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുടെ വിവാദ പ്രസ്താവന. കഴിഞ്ഞ വെള്ളിയാഴ്ച ഗുഡ‍്ഗാവിലെ ആറ് സ്ഥലങ്ങളിൽ ഇസ്ലാം മതവിശ്വാസികളുടെ നിസ്കാരം സംയുക്ത ഹിന്ദു സംഘർഷസമിതിയുടെ നേതൃത്വത്തിൽ തടഞ്ഞിരുന്നു .ഇതേക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രസ്താവന പിൻവലിച്ച് മന്ത്രി മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയ ഉപാധ്യക്ഷൻ ടി ആരിഫ് അലി ആവശ്യപ്പെട്ടു.
ആരുടേയും പ്രാർത്ഥന തടയാൻ പറഞ്ഞില്ലെന്നും സംഘർഷം ഒഴിവാക്കാനുള്ള ഉപദേശം നല്കിയതാണെന്നും പ്രസ്താവന വിവാദമായതോടെ ഘട്ടർ വിശദീകരിച്ചു. മതേതര രാജ്യത്തെ ഒരു മുഖ്യമന്ത്രി പറയാൻ പാടില്ലാത്ത വാക്കുകളാണ് ഹരിയാന മുഖ്യമന്ത്രിയുടേതെന്ന് മുസ്ലീംലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. പള്ളികളിൽ സ്ഥലമില്ലാതെ വരുമ്പോൾ ചിലയിടങ്ങളിൽ പള്ളിക്ക് പുറത്ത് നിസ്കരിക്കാറുണ്ട്. ഇതിന്‍റെ പേരിൽ ഒരു സമുദായത്തെയാകെ പൊതുസ്ഥലം കയ്യേറുന്നവരായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും ഇ.ടി.മുഹമ്മദ് ബഷീർ പറഞ്ഞു.
