ലഖ്‌നൗ: മുത്തലാഖ് നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി അഖിലേന്ത്യ മുസ്ലിം വ്യക്‌തിനിയമ ബോര്‍ഡ് മാതൃകാ വിവാഹക്കരാറില്‍ (നികാഹ് നാമഃ) പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. വിവാഹിതനാകുന്ന പുരുഷന്‍ താന്‍ മുത്തലാഖിലൂട് വിവാഹമോചനം നടത്തില്ലെന്ന് സത്യവാങ്മൂലം നല്‍കമണമെന്നും ഇക്കാര്യം വിവാഹ കരാറില്‍ രേഖപ്പെടുത്തണമെന്നുമാണ് വ്യവസ്ഥ ചെയ്യുന്നത്. വിവാഹ മോചനത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയാല്‍ ഇക്കാര്യം മതപണ്ഡിതരെ അറിയിക്കണമെന്നും ഏകപക്ഷീയമായി വിവാഹമോചനം നടത്തരുതെന്നും വ്യവസ്ഥ ചെയ്യുന്നു. മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ സന്ദേശം രാജ്യത്തെ എല്ലാ പള്ളികളിലും മദ്രസകളിലും എത്തിക്കുമെന്നും ബോര്‍ഡ് വക്താവ് പറഞ്ഞു.
ഇത്തരം നടപടികളിലൂടെ മുത്തലാഖിനുള്ള സാധ്യത ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ തന്നെ പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കുന്ന സാഹചര്യത്തിലാണ് ഇതിനെ പ്രതിരോധിക്കാന്‍ പുതിയ നീക്കം നടക്കുന്നത്. തങ്ങള്‍ മുത്തലാഖിന് എതിരാണെന്നും എന്നാല്‍ ഇതിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നിയമ നിര്‍മാണത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം മുസ്ലിം വ്യക്‌തി നിയമത്തിലുള്ള കടന്നു കയറ്റമാണെന്നുമാണു ബോര്‍ഡിന്റെ നിലപാട്. ഈ മാസം ഒന്‍പതിന് ഹൈദരാബാദില്‍ നടക്കുന്ന ദ്വദിന ബോര്‍ഡ് യോഗത്തില്‍ വിഷയം വിശദമായി പരിശോധിക്കുമെന്നും വക്‌താവ് വ്യക്‌തമാക്കി.
