ലണ്ടനില്‍ ഭീകകരാക്രമണം നടത്തിയവര്‍ക്ക് മതാചാരപ്രകാരമുള്ള അന്ത്യകര്‍മ്മങ്ങള്‍ ലണ്ടനിലെ മുസ്ലീം പുരോഹിതര്‍ നിഷേധിച്ചു. ലണ്ടനിലെ എല്ലാ ഇമാമുമാരും ഒന്നിച്ചാണ് തീരുമാനമെടുത്തത്.

ലണ്ടനിലെ 130 ഇമാമാുമാര്‍ക്കൊപ്പം മറ്റു മതങ്ങളിലെ പുരേഹിതരും യോഗത്തില്‍ പങ്കെടുത്തു. ഭീകരവാദത്തിനായി ഇസ്ലാം മതത്തെ ദുരുപയോഗം ചെയ്യുന്നതിനെ ഒരിക്കലും പിന്തുണയ്ക്കില്ലെന്നും ഭീകരവാദം പോലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കു മതപരമായ അന്ത്യകര്‍മ്മങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഇമാമുമാര്‍ വ്യക്തമാക്കി. മതത്തെ ദുരുപയോഗം ചെയ്ത് ഭീകരാക്രമണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസമുണ്ടയ ഭീകരാക്രമണത്തെ യോഗം അപലപിച്ചു.

ഭീകരരുടെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കരുതെന്നു യോഗത്തില്‍ പങ്കെടുക്കാത്ത ഇമാമുമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. അസഹിഷ്ണുതയും ഭിന്നിപ്പും ഉപേക്ഷിക്കണമെന്നും ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്നും പശ്ചിമ ലണ്ടനിലെ മുസ്ലിം സെന്ററിന്റേയും മോസ്‌കിന്റേയും ചെയര്‍മാനായ മുഹമ്മദ് ഹബീബുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ലണ്ടന്‍ പാലത്തില്‍ കാല്‍നടയാത്രക്കാരെ ഭീകര്‍ ആക്രമിച്ചത്. അതിവേഗമെത്തിയ വാന്‍ കൊണ്ട് ഇടിച്ച് തെറിപ്പിച്ച ശേഷം കത്തി കൊണ്ട് കുത്തിയുമാണു ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 48 പേര്‍ക്ക് പരിക്കേറ്റു.

ആക്രമണം നടത്തിയ ഖുറം ഭട്ട്, റാച്ചിദ് റാഡൗനെ, യൂസഫ് സാഗ്ബ എന്നിവര്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്കുള്ള  അന്ത്യകര്‍മ്മങ്ങളാണ് ഇമാമുമാര്‍ നിഷേധിച്ചത്.