കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസിന് മുസ്ലീകള്‍ ആഴ്ചയില്‍ ഒരിക്കല്‍ നമസ്ക്കരിക്കുന്നതിനെ എതിര്‍ക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് അസാദുദ്ദീന്‍ ഉവൈസി എം പി ചോദിച്ചു. 

നോയിഡ: നോയിഡയിലെ ഒരു പാര്‍ക്കില്‍ നമസ്ക്കാരം നിരോധിച്ച നടപടി നഗരം മുഴുവന്‍ ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് ബജ്രംഗ്‍ദളും വിഎച്ച്പിയും രംഗത്ത്. ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് സ്ഥലം എസ്ഐ ഇത് സംബന്ധിച്ച നോട്ടീസ് ഇറക്കിയതെന്നാണ് ഭരണകൂടത്തിന്‍റെ നിലപാട്. നമസ്ക്കാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയത് മുസ്ലിം സംഘടനകളും രംഗത്തെത്തി.

നിങ്ങള്‍ ദിവസത്തില്‍ അഞ്ചോ പത്തോ തവണ നമസ്ക്കരിച്ചോ. ആര്‍ക്കാ തടസ്സം? പക്ഷെ അത് വീട്ടിലോ പള്ളിയിലോ നടത്തിക്കൊള്ളണം. പൊതു സ്ഥലത്ത് നടക്കില്ലെന്നായിരുന്നു വിഎച്ച്പി ജോ ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയിന്‍ പറഞ്ഞത്. 

നോയിഡ സെക്ടര്‍ 58 ലെ പാര്‍ക്കില്‍ വെള്ളിയാഴ്ചയിലെ നമസ്ക്കാരം വിലക്കിയാണ് എസ്ഐ നോട്ടീസ് ഇറക്കിയത്. നോയിഡയിലെ 26 കമ്പനികള്‍ക്കും നോട്ടീസ് നല്‍കി. വിലക്ക് ലംഘിച്ച് ജീവനക്കാര്‍ നമസ്ക്കാരം നടത്തിയാല്‍ കമ്പനികള്‍ ഉത്തരവാദിത്തം പറയേണ്ടി വരുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ സെക്ടര്‍ 58 ല്‍ മാത്രമായി വിലക്ക് ഒതുക്കരുതെന്നും നോയി‍‍ഡ നഗരത്തില്‍ മുഴുവന്‍ പൊതുസ്ഥലങ്ങളിലും വിലക്ക് ഏര്‍പ്പെടുത്തണമെന്നും ബജ്രംഗ്‍ദളും വിശ്വഹിന്ദുപരിഷത്തും ആവശ്യപ്പെടുന്നു. പള്ളിയില്‍ സ്ഥലമില്ലെങ്കില്‍ സ്വന്തം വീട്ടില് നമസ്കരിച്ചാല്‍ പോരെ എന്നാണ് ഇവരുടെ ചോദ്യം.

എന്നാല്‍ എസ്ഐയുടെ നോട്ടീസിനെതിരെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. കാവടി സംഘങ്ങളെ മാലയിട്ട് സ്വീകരിക്കുന്ന ഉത്തര്‍പ്രദേശിലെ പൊലീസിന് മുസ്ലീകള്‍ ആഴ്ചയില്‍ ഒരിക്കല്‍ നമസ്ക്കരിക്കുന്നതിനെ എതിര്‍ക്കാന്‍ എന്ത് അവകാശമാണ് ഉള്ളതെന്ന് അസാദുദ്ദീന്‍ ഉവൈസി എം പി ചോദിച്ചു. ഇതിനിടെ വിവാദം തണിപ്പിക്കാന്‍ നോയിഡ ഭരണകൂടവും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും രംഗത്തെത്തി. 

മേലുദ്യോഗസ്ഥരെ അറിയിക്കാതെയാണ് എസ്ഐ നോട്ടീസ് ഇറക്കിയതെന്നാണ് വിശദീകരണം. പാര്‍ക്കില്‍ നമസ്ക്കാരം നടത്താന്‍ അനുമതി ചോദിച്ച് മുസ്ലിങ്ങള്‍ അധികൃതര്‍ക്ക് അപേക്ഷ തന്നിട്ടുണ്ട്. ഇതില്‍ തീരുമാനം എടുക്കും മുമ്പ് എസ്ഐ ധൃതി പിടിച്ച് നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ബിഎന്‍ സിംഗ് പറഞ്ഞു.