തിരുവനന്തപുരം: വ്രത ശുദ്ധിയുടെ പുണ്യ ദിനങ്ങള്‍ക്ക് നാളെ തുടക്കം.കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചു. വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് ഇസ്ലാം മത വിശ്വാസികള്‍. ഇതോടെ നാളെ മുതലാണ് റംസാന്‍ വ്രതം ആരംഭിക്കുക.

റംസാനു വേണ്ടിയുള്ള ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം. ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യ ദിനങ്ങള്‍. പകല്‍ മുഴുവന്‍ ഭക്ഷണമുപേക്ഷിച്ച് മനസ്സും ശരീരവും അല്ലാഹുവിന് സമര്‍പ്പിക്കുന്ന രാപ്പകലുകള്‍. ശഅ്ബാന്‍ 29 പൂര്‍ത്തിയാക്കിയാണ് റംസാന്‍ വ്രതാരംഭത്തിലേക്ക് വിശ്വാസികള്‍ കടക്കുന്നത്.

മുഴുവന്‍ സമയവും പള്ളികളില്‍ ചെലവഴിച്ചും, ദാന ധര്‍മങ്ങളില്‍ മുഴുകിയും സ്വയം നവീകരണത്തിന്‍റെ ദിനങ്ങളാണ് ഇനി. ഓരോ പുണ്യ പ്രവര്‍ത്തിക്കും 700 ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ് വിശ്വാസം. അസ്തമയം വൈകിയതിനാല്‍ ദൈര്‍ഖ്യമേറിയ റംസാന്‍ ദിനങ്ങളാണ് ഇത്തവണ വിശ്വാസികളെ കാത്തിരിക്കുന്നത്.