നമ്പി നാരായണന് നഷ്ടപരിഹാരം നൽകണമെന്ന് ചീഫ് ജസ്റ്റിസ്

ദില്ലി: ഐഎസ്ആര്‍ഒ ചാരകേസിൽ നമ്പി നാരായണന് നഷ്ടപരിഹാരം കൂട്ടി നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിനൊപ്പം നമ്പി നാരായണന് നീതി ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടു. കേസ് വിധി പറയാൻ മാറ്റിവെച്ചു.

ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷണവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഐഎസ്ആര്‍ഒ ശാസ്ത്രജ്‍ഞൻ നമ്പി നാരായണന സുപ്രീംകോടതിയെ സമീപിച്ചത്. ഉന്നത വ്യക്തിത്വമുള്ള ശാസ്ത്രജ്‍ഞനെ അറസ്റ്റ് ചെയ്ത് സംശയത്തിന്‍റെ നിഴലിൽ നിര്‍ത്തിയത് ഗൗരവമുള്ള വിഷയമാണെന്ന് നിരീക്ഷിച്ച കോടതി നമ്പി നാരായണന് നീതി കിട്ടണമെന്നും പറഞ്ഞു. നമ്പി നാരായണനുള്ള നഷ്ടപരിഹാരം ഉദ്യോഗസ്ഥരിൽ നിന്നുതന്നെയല്ലേ ഈടാക്കേണ്ടതെന്നും കോടതി ചോദിച്ചു. നഷ്ടപരിഹാരം തങ്ങൾക്ക് നൽകാനാകില്ലെന്ന് പറഞ്ഞ സിബിഐ ചാരക്കേസിലെ ഗൂഡാലോചനയെ കുറിച്ചും കസ്റ്റഡി പീഡനത്തെ കുറിച്ചും വീണ്ടും അന്വേഷണത്തിന് തയ്യാറാണെന്ന് അറിയിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സിബിഐ ആവശ്യപ്പെട്ടു. കേസിൽ നമ്പി നാരായണന്‍റെ വാദങ്ങൾ അംഗീകരിച്ചുതന്നെയാണ് കേസ് വിധി പറയാൻ മാറ്റിയത്.

തിരുവനന്തപുരം ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന നമ്പി നാരായണൻ മാലി സ്വദേശിയായ മറിയം റഷീദ വഴി ഇന്ത്യയുടെ ബഹിരാകാശ രഹസ്യങ്ങൾ ചോര്‍ത്തി എന്നതായിരുന്നു വലിയ കോളിളക്കമുണ്ടാക്കിയ ചാരക്കേസ്. എന്നാൽ പിന്നീട് നടന്ന അന്വേഷണങ്ങളിലൊന്നും നമ്പി നാരായണനെതിരെ ഒരു തെളിവും കണ്ടെത്താനായില്ല. കേസിൽ നമ്പി നാരായണനെ വെറുതെ വിട്ട കേരള ഹൈക്കോടതി 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുകയും ചെയ്തിരുന്നു.