ദില്ലി: കഴിഞ്ഞ ദിവസം ലോക്സഭയിൽ പാസ്സാക്കിയ മുത്തലാഖ് ബിൽ അടുത്ത ആഴ്ച രാജ്യസഭയിൽ അവതരിപ്പിച്ചേക്കും. അടുത്ത തിങ്കളാഴ്ച ബിൽ രാജ്യസഭയിൽ അവസതരിപ്പിക്കുമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി വിജയ് ഗോയൽ പറഞ്ഞു. രാജ്യസഭയിലാണ് ഗോയൽ ഇക്കാര്യം അറിയിച്ചത് ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ ബിൽ പാസ്സാക്കിയെടുക്കുന്നതിനുള്ള സമവായ ശ്രമത്തിലാണ് കേന്ദ്രസർക്കാർ. കോൺഗ്രസിന്റെ നിലപാട് രാജ്യസഭയിൽ നിർണായകമാകും. 

മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി മൂന്ന് വർഷം തടവ് നൽകുന്ന ബില്ലിലെ വ്യവസ്ഥയ്ക്കെതിരെ പല കോണിൽ നിന്നും പ്രതിഷേധം തുടരുകയാണ്. വലിയ വാഗ്വാദങ്ങൾക്കിടയിലാണ് ബില്ല് ലോക്സഭ പാസ്സാക്കിയത്. ബില്ല് വിശ്വാസത്തിന്റെ കാര്യമല്ല ലിംഗനീതിയുടെ കാര്യമാണെന്നായിരുന്നു ബില്ല് അവതരിപ്പിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്. ശരീഅത്ത് നിയമത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും ലിംഗസമത്വം ഉറപ്പാക്കാനും സ്ത്രീകളുടെ അന്തസ് ഉയര്‍ത്താനുമാണ് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ നിർദിഷ്ട ബില്ലിൽ ഭേദഗതി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജുന ഖാർഗെ ആവശ്യപ്പെട്ടു. വനിത സംഘടനകളടക്കമുള്ളവരുമായി ചർച്ച നടത്തിയിട്ടില്ല ബില്ല് തയ്യാറാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നതായും എന്നാല്‍ മൂന്ന് വർഷം ജയിൽ ശിക്ഷ നൽകുന്ന വസ്ഥയെയാണ് ചോദ്യം ചെയ്യുന്നതെന്നും കോണ്‍ഗ്രസ് നിലപാടെടുത്തു. മുത്തലാഖിന് ശിക്ഷിക്കപ്പെട്ട് ജയിലിലുള്ളയാൾ എങ്ങനെ ജീവനാംശം നൽകുമെന്ന കാര്യത്തില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല ആവശ്യപ്പെട്ടു.

എന്നാല്‍ ജീവനാംശം കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. മൂന്ന് വർഷത്തെ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആർജെഡിയും ആവശ്യപ്പെട്ടു. ബില്ലിനെതിരെ ശക്തമായ എതിര്‍പ്പുമായി മുസ്ലിം ലീഗും രംഗത്തെത്തി. ബില്ല് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് അസദുദ്ദീൻ ഒവൈസിയും ആരോപിച്ചു. ബിജു ജനതാദളും അണ്ണാ ഡിഎംകെയും എതിര്‍പ്പ് രേഖപ്പെടുത്തി. ബി.ജെ.പി വർഗീയമായി ഇടപെടുന്നുവെന്ന് അണ്ണാ ഡിഎംകെ ആരോപിച്ചു. അസദുദ്ദീന്‍ ഒവൈസി ഉള്‍പ്പെടെയുള്ളവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളിയ ശേഷം ബില്ല് പാസ്സാക്കുകയായിരുന്നു. 

സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ മന്ത്രിതല സമിതിയാണ് ബില്ല് തയ്യാറാക്കിയത്. നിര്‍ദ്ദിഷ്ട ബില്ല് പിൻവലിക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. മുത്തലാഖ് സുപ്രീംകോടതി നിരോധിച്ചിട്ടും വാക്കിലൂടെയും ഫോണിലൂടെയും വാട്സാപ്പിലൂടെയും ഇത് തുടരുന്ന സാഹചര്യത്തിലാണ് ലിംഗസമത്വം ഉറപ്പാക്കാൻ മുത്തലാഖ് ക്രിമനൽ കുറ്റമാക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.