ദില്ലി: മുത്തലാഖ് ബിൽ കേന്ദ്ര സർക്കാർ ഇന്ന് പാർലമെന്‍റിൽ അവതരിപ്പിച്ചേക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ലാ കുറ്റവുമാക്കുന്ന കരട് ബില്ലാണ് ഇന്ന് പാർലമെന്‍റിൽ അവതരിപ്പിക്കുക. ഇതിന് കേന്ദ്ര മന്ത്രി സഭ നേരത്തേ അംഗീകാരം നൽകിയിരുന്നു. മുസ്ലിം വനിത വിവാഹ സംരക്ഷണ ബിൽ എന്ന പേരിൽ ഇത് പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് നിയമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരുന്നു. 

മൂന്ന് തലാഖുകളും ഒറ്റത്തവണയില്‍ ചൊല്ലി വിവാഹ മോചനം നടത്തുന്ന രീതിയാണ് മുത്തലാഖ്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്നു വര്‍ഷം വരെ തടവും പിഴയും ഉറപ്പാക്കുന്ന ശിക്ഷയാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്. മുത്തലാഖ് ക്രിമിനൽ കുറ്റമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നാൽ മുത്തലാഖിന് വിധേയമാകുന്ന ഭാര്യക്ക് ഭർത്താവിനെതിരെ പൊലീസിനെ സമീപിക്കുകയോ നിയമസഹായം തേടുകയോ ചെയ്യാവുന്നതാണ്. വിവാഹമോചന ശേഷം സ്ത്രീക്കും കുഞ്ഞിനും ജീവനാംശത്തിനുളള അര്‍ഹതയുണ്ടാകുമെന്നും ബില്ലില്‍ പറയുന്നു. 

 മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന  കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചത്.