തിരുവനന്തപുരം: മുത്തലാഖ് ബില്ല് ഇന്നലെയാണ് ലോക്സഭയില്‍ പാസായത്. ഏറെ തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ രണ്ടാം തവണയും ബില്‍ ലോക്സഭയില്‍ പാസാക്കുകയായിരുന്നു. ബില്ലില്‍ നടത്തിയ വോട്ടെടുപ്പ് കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ബഹിഷ്കരിച്ചപ്പോള്‍ സി പി എമ്മും ആര്‍ എസ് പി യുടെ എൻ കെ പ്രേമചന്ദ്രനും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. മുസ്ലിം ലീഗ് നേതാവായ കുഞ്ഞാലിക്കുട്ടിയാകട്ടെ വോട്ടെടുപ്പും ചര്‍ച്ചയും നടന്നപ്പോള്‍ പാര്‍ലിമെന്‍റില്‍ ഉണ്ടിയിരുന്നതേയില്ല.

കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം സോഷ്യല്‍ മീഡിയയിലക്കം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരു സുഹൃത്തിന്‍റെ മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കേണ്ടതുള്ളതുകൊണ്ടാണ് മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് പുറത്തുവരുന്ന വിശദീകരണം. എന്തായാലും അതൊന്നും സോഷ്യല്‍ മീഡിയ അംഗീകരിക്കുന്നില്ല. ദിവസങ്ങള്‍ക്ക് മുമ്പെ തീരുമാനിച്ചതാണ് പാര്‍ലമെന്‍റിലെ മുത്തലാഖ് ചര്‍ച്ച. ഇത്രയും പ്രധാനപ്പെട്ട ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമ്പോള്‍ കുഞ്ഞാലിക്കുട്ടി അവിടെ വേണമായിരുന്നു എന്നാണ് സോഷ്യല്‍മീഡിയ ചൂണ്ടികാട്ടുന്നത്.

സ്വന്തം മകളുടെ കല്യാണത്തിന്‍റെ തലേ ദിവസമായിട്ടും അസദുദ്ദീന്‍ ഒവൈസി എല്ലാ തിരക്കുകളും മാറ്റി വച്ച് പാര്‍ലിമെന്‍റിലെത്തി ബില്ലിനെ എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയതും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്. മുസ്ലിം സമുദായത്തിലെ വിഷയമായിട്ടും മുസ്ലീം ലീഗിന്‍റെ ഒരു എം പി തന്നെ പങ്കെടുക്കാതെ മാറിനില്‍ക്കുമ്പോള്‍ എത്രത്തോളം പ്രാധാന്യത്തോടെ കാണണമെന്ന ജിതിന്‍ എന്ന യുവാവിന്‍റെ കുറിപ്പും ഇതിനിടെ വൈറലായിട്ടുണ്ട്.

ജിതിന്‍റെ കുറിപ്പ്

ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട മുത്തലാഖ് ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന നിലപാടിൽ സിപിഐഎം എംപിമാർ ബില്ലിനെതിരെ വോട്ടുചെയ്തു.

കോൺഗ്രസ്സ് എംപിമാർ ഒന്നടങ്കം സഭ ബഹിഷ്കരിച്ചു. നിലപാടിൽ ക്ലാരിറ്റിയുണ്ടായില്ല. ബില്ലിലെ ചില ക്ളോസുകളെ എതിർത്തെന്നുവരുത്തി വോട്ടെടുപ്പിനുനിൽക്കാതെ സ്കൂട്ടായി. പതിവ് "സ്‌നോർ" നിലപാട് തന്നെ.

മുസ്ലിം ലീഗും ആർഎസ്പിയും പക്ഷേ കോൺഗ്രസിനൊപ്പം സഭ ബഹിഷ്കരിച്ചില്ല. ഇ.ടി. മുഹമ്മദ്‌ ബഷീറും പ്രേമചന്ദ്രനും സിപിഐഎമ്മിനൊപ്പം ബില്ലിനെതിരെ വോട്ടുചെയ്തു.

എന്നാൽ, മുസ്ലിം ലീഗുകാരുടെ അഭിപ്രായത്തിൽ ഫാഷിസത്തെ പിടിച്ചുകെട്ടാൻ ഡൽഹിക്ക് വണ്ടികയറിയ ദേശീയ രാഷ്ട്രീയത്തിലെ സെന്റർ ഫോർവേഡായ കുഞ്ഞാലിക്കുട്ടി ഇത്രയും പ്രധാനപ്പെട്ട ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനെപ്പറ്റി അറിവുണ്ടായിട്ടും സഭയിൽ വന്നതേയില്ല. കുഞ്ഞാപ്പ നാട്ടിലെ ഏതോ വ്യവസായപ്രമുഖന്റെ വീട്ടിൽ കല്യാണം കൂടാൻ പോയതാണത്രേ.
ഹൈദരാബാദ് എംപിയും AIMIM നേതാവുമായ അസാസുദ്ദീൻ ഒവൈസിയുടെ മകളുടെ കല്യാണ തിരക്കുകൾക്കിടയിലും സഭയിൽ വന്ന് ബില്ലിനെതിരെ സംസാരിക്കുകയും വോട്ടുചെയ്യുകയും ചെയ്തു. കുഞ്ഞാപ്പയുടെ പ്രയോറിറ്റി നോക്കണേ.

കേരളത്തിലെ ലീഗുകാർക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ?