പണയ ലേല ഇടപാടിൽ മാത്രം മുത്തൂറ്റ് ഫിൻ കോർപിൽ 120 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. മൂത്തൂറ്റ് ഫിനാൻസിൽ 150 കോടി രൂപയുടെ ക്രമക്കേട് കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. മിനി മൂത്തൂറ്റിലെ കണക്കെടുപ്പ് തുടരുകയാണെന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യത്യസ്‍ത മാനേജ്മെന്‍റുകളുടെ കീഴിൽ പ്രവത്തിക്കുന്ന മുത്തൂറ്റ് ഫിനാൻസ്, മുത്തൂറ്റ് ഫിൻ കോർപ്, മിനി മൂത്തൂറ്റ് എന്നിവിടങ്ങളിലാണ് ആദായ നികുതി വകുപ്പിന്‍റെ നേതൃത്വത്തിൽ രാജ്യവ്യാപക പരിശോധന നടക്കുന്നത്. ഇതിൽ മുത്തൂറ്റ് ഫിൻ കോർപിൽ നടത്തിയ പരിശോധനയിലാണ് പണയ ലേല ഇടപാടിൽ 120 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. ഇതുവരെ പരിശോധിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് കണക്കെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പണയം സ്വർണം ലേലം ചെയ്യുന്പോൾ പാലിക്കേണ്ട ചടങ്ങൾ അനുസരിച്ചിട്ടില്ല. യഥാർഥ കണക്കുകളേക്കാൾ ഏറെ താഴ്ത്തിയാണ് പണയം സ്വർണം ലേലം ചെയ്തതിന്‍റെ കണക്കുകളുളളത്. ഇക്കാര്യം റിസർവ് ബാങ്കിനെ അറിയിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈയിനത്തിൽ മാത്രമാണ് 120 കോടിയുടെ ക്രമക്കേട് കണ്ടെത്തിയത്. മുത്തൂറ്റ് ഫിനാൻസിൽ സമാനമായ രീതിയിൽ 150 കോടിയുടെ തിരിമറി തിരിച്ചറിഞ്ഞിരുന്നു. മുത്തൂറ്റ് ഫിനാൻസ്, മൂത്തൂറ്റ് ഫിൻ കോർപ്, മിനി മൂത്തൂറ്റ് എന്നിവയുടെ രാജ്യത്തിനകത്തും പുറത്തുമുളള സ്വത്തുവിവരങ്ങളെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. റെയ്ഡുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ചില ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഇതിനിടെ കൊച്ചിയിൽ മുത്തൂറ്റ് ഫിൻ കോർപ് ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തി.
