കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ മൂവാറ്റുപുഴ ആര്‍ഡിഒ വിജിലന്‍സിന്റെ പിടിയില്‍. 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ആര്‍ഡിഒ മോഹനന്‍ പിള്ളയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ സ്വദേശിയായ മാത്യുവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുളള വേങ്ങച്ചുവടിലെ 30 സെന്റ് സ്ഥലത്തിന്റെ അതിര്‍ത്തിയിലെ പാടം മണ്ണിട്ട് നികത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ഡിഒ കൈക്കൂലി ആവശ്യപ്പെട്ടത്. ഇതുവഴി സ്വകാര്യവാഹനത്തില്‍ എത്തിയപ്പോഴാണ് ആര്‍ഡിഒ മാത്യുവിനെ പാടം മണ്ണിട്ടു നികത്തിയതിന്റെ പേരില്‍ ഭീഷണിപ്പെടുത്തിയത്. കനത്ത മഴയില്‍ അതിര്‍ത്തി ഇടിഞ്ഞപ്പോള്‍ മണ്ണിടുകയായിരുന്നുവെന്ന് മാത്യു വിശദീകരിച്ചെങ്കിലും പാടം നികത്തുന്നതിനെതിരെ നടപടി എടുക്കുമെന്ന് ആര്‍ഡിഒ ഭീഷണിപ്പെടുത്തി.

പാടം മണ്ണിട്ടു നികത്തുകയല്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ മാത്യു സ്ഥലത്തിന്റെ രേഖകള്‍ ഹാജരാക്കുയും ചെയ്തു. എന്നാല്‍ രേഖകള്‍ പരിശോധിക്കാന്‍ പോലും നില്‍ക്കാതെ 50,000 രൂപ കൈക്കൂലി വേണമെന്ന് ആര്‍ഡിഒ കര്‍ശന നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് മാത്യു ‍ കടവന്ത്ര വിജിലന്‍സ് ഡിവൈഎസ്‌പിക്ക് പരാതി നല്‍കുകയായിരിന്നു. 50,000രൂപയുമായി ആര്‍ഡിഒ ഓഫീസിലെത്തിയ മാത്യുവിനൊപ്പം വിജിലന്‍സ് ഉദ്യോഗസ്ഥരുമെത്തിയാണ് മോഹനന്‍ പിള്ളയെ അറസ്റ്റ് ചെയ്തത്.