തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം മാത്രമല്ല നേതാക്കൾക്ക് വ്യക്തിപരമായും പിഴവുണ്ടെന്ന സന്ദേശം നല്കി സിപിഎം കേന്ദ്ര കമ്മിറ്റി. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ സ്വയം വിമർശനത്തിന് തയ്യാറാകണമെന്ന അഭിപ്രായം കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിലെ പാളിച്ച തള്ളാത്ത കേന്ദ്ര കമ്മിറ്റി കണ്ണൂർ ഉൾപ്പടെ ജില്ലകളിലെ വീഴ്ചകൾ ചർച്ച ചെയ്ത് തിരുത്തണമെന്ന് നിർദ്ദേശിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എല്ലാവർക്കും ഉത്തരവാദിത്തം

സിപിഎം സംസ്ഥാന നേതൃത്വം തയ്യാറാക്കിയ അവലോകനത്തിൽ തെരഞ്ഞെടുപ്പ് തോൽവിയിൽ കൂട്ടുത്തരവാദിത്തം എന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ നേതാക്കളുടെ പങ്ക് അടക്കം കേന്ദ്ര കമ്മിറ്റിയിൽ ചർച്ചയായി. നേതാക്കളും സ്വയം വിമർശനത്തിന് തയ്യാറാകണം എന്ന നിലപാട് കേന്ദ്ര കമ്മിറ്റിയിൽ ചിലർ പ്രകടിപ്പിച്ചു. എംവി ഗോവിന്ദനും യോഗത്തിൽ പരോക്ഷ വിമർശനം ഉയർന്നു. സ്ഥാനാർത്ഥി നിർണ്ണയം അടക്കം വിഷയങ്ങളിലെ പാളിച്ചകൾ ഗൗരവമായി കാണണം. കൂടെ നിന്ന പലരെയും അകറ്റിയോ എന്നും നേതാക്കൾ പരിശോധിക്കണം. സ്ഥാനാർത്ഥി നിർണ്ണയ വിവാദം വന്നപ്പോൾ തന്നെ കേന്ദ്ര നേതൃത്വം ഇടപെടൽ നടത്തണമായിരുന്നു എന്നും ചിലർ ചൂണ്ടിക്കാട്ടി. ബിജെപിയുടെ വളർച്ച ഗൗരവത്തോടെ കാണണം എന്നു സിസി നിർദ്ദേശിച്ചു. ബംഗാളിലെ അനുഭവം ഇക്കാര്യത്തിൽ പാഠമാകണം. മധ്യവർഗ്ഗ പാർട്ടിയായി സിപിഎം മാറരുത് എന്ന നിർദ്ദേശവും യോഗത്തിലുയർന്നു. തിരിച്ചടി നേരിട്ട കണ്ണൂർ ആലപ്പുഴ കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ വിശദമായ വിലയിരുത്തലിന് കേന്ദ്ര കമ്മിറ്റിയും നിർദ്ദേശം നല്കി. നേതൃമാറ്റം ഉണ്ടാകില്ല എന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിരുന്നു. എന്നാൽ നേതാക്കൾ സ്വയം തിരുത്തണം എന്ന സന്ദേശമാണ് കേന്ദ്ര ഘടകം നല്കുന്നത്. നേരിട്ട് വിമർശനം ഇല്ലെങ്കിലും ചർച്ചകളിൽ ഉയർന്ന നിർദ്ദേശങ്ങൾ പിണറായി വിജയനുള്ള സന്ദേശം കൂടിയായി. തെറ്റുതിരുത്തൽ രേഖയും മൂന്നു ദിവസമായി ചേർന്ന കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു. നേതൃത്വത്തിൽ തൽക്കാലം മാറ്റമില്ല. എന്നാൽ താഴേത്തട്ടിൽ ഉൾപ്പടെ വിശദമായി വിലയിരുത്തൽ വേണമെന്നും കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.