കണ്ണൂര്‍: തളിപ്പറമ്പ് കുറ്റിക്കോല്‍ സ്വദേശിയായ ജോസഫ് മേലുക്കുന്നേല്‍ പ്രമുഖ പത്രങ്ങളില്‍ ചരമ പരസ്യം നല്‍കിയശേഷം അപ്രത്യക്ഷനായി.മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യമാണ് നല്‍കിയത്. ചരമകോളത്തിലും കൂടാതെ ഉള്‍പ്പേജില്‍ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ട്. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതാണ് ഉള്‍പ്പേജിലെ പരസ്യം.

ഇദ്ദേഹം ഏറെനാളായി ചികിത്സയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയിലാണ് നേരിട്ട് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തു. പിന്നീട്‌ ഇദ്ദേഹത്തെ കാണാതാവുകയായിരുന്നു.

പത്രത്തില്‍ പരസ്യം വന്നതോടെ ഞെട്ടിയ ബന്ധുക്കളും നാട്ടുകാരും വീട്ടിലേക്ക് ഫോണ്‍ വിളിച്ചപ്പോഴാണ് സത്യാവസ്ഥ അറിയുന്നത്. കാണാതായ ജോസഫിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.