കണ്ണൂര്‍: മലേഷ്യയില്‍ മരിച്ചത് കാമുകനെ കൊലപ്പെടുത്തിയ ഡോ. ഓമനയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചത് തിരുവനന്തപുരം വലിയതുറ വള്ളക്കടവ് സ്വദേശിനി മെര്‍ലിന് റൂബിയാണെന്ന് തിരിച്ചറിഞ്ഞു. എല്‍ജിന്‍-റൂബി ദമ്പതികളുടെ മകളാണ് മെര്‍ലിന്‍.
നേരത്തെ മലേഷ്യന്‍ പോലീസ് ഇന്ത്യന്‍ നയതന്ത്ര മന്ത്രാലയത്തില്‍ അറിയിച്ചതാണ് ആശയകുഴപ്പത്തിന് കാരണമായത്. മലയാളം അറിയാവുന്ന സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തിയതായും എന്തെങ്കിലും വിവരമുണ്ടെങ്കില്‍ അറിയിക്കാനുമായിരുന്നു മലേഷ്യയില്‍ നിന്ന് ലഭിച്ച വിവരം.

ഇതിന്റെ ഭാഗമയി ചിത്രം പ്രസിദ്ധീകരിച്ച് ആളെ തിരിച്ചറിയാന്‍ ആവശ്യപ്പെട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പരസ്യം പ്രസിദ്ധീകരിച്ചു. ഇത് ശ്രദ്ധയില്‍ പെട്ട മുന്‍ ഭര്‍ത്താവ് ഇത് ഓമനയാണെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു.
എന്നാല്‍ വിശദമായ അന്വേഷണത്തില്‍ ഇത് ഓമനയല്ലെന്ന് കണ്ടെത്തി. ഇന്റര്‍പോള്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുറ്റവാളിയാണ് ഓമന. കാമുകനെ വെട്ടിനുറുക്കി സ്യൂട്ട്‌കേസിലാക്കിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കെപ്പെട്ട ഇവര്‍ പരോളിലിറങ്ങി മുങ്ങുകയായിരുന്നു. കണ്ടെത്തിയത് ഓമനയുടെ മൃതദേഹമല്ലെന്ന് സ്ഥിരീകരിച്ചതോടെ ഓമന വീണ്ടും ദുരൂഹതയിലേക്ക് ഊളിയിടുകയാണ്.
