പമ്പാനദിയിലെ വെള്ളം ക്രമാതീതമായി ഉയർന്നതാണ് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണമായത്. വീടുകളിൽ നിന്ന് ധാരാളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസിൽ കയറിയവരുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.
പത്തനംതിട്ട: മഴ പൂർവ്വാധികം ശക്തിയോടെ പെയ്യുന്ന സാഹചര്യത്തിൽ നൂറ് കണക്കിന് ജനങ്ങളാണ് പത്തനംതിട്ട ജില്ലയിൽ വീടുകളുടെ ടെറസ്സുകളിൽ പെട്ടു പോയിരിക്കുന്നത്. ചുറ്റുപാടും വെള്ളം കയറി മൂടിക്കിടക്കുന്നതിനാൽ അങ്ങോട്ടേയ്ക്കുള്ള വഴിയും രക്ഷാസേനയ്ക്ക് അജ്‍ഞാതമാണ്. അവസാനരക്ഷാ മാർഗം എന്ന നിലയിലാണ് ഫേസ്ബുക്ക് ലൈവിലും മറ്റും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നത്. മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നതും പത്തനംതിട്ട പ്രദേശത്തെയാണ്. റാന്നി, മാരാമൺ എന്നിവിടങ്ങളിലെ മഴക്കെടുതികൾ അതിഭീകരമായ അവസ്ഥയിലേക്കെത്തിയിരിക്കുകയാണ്.
പമ്പാനദിയിലെ വെള്ളം ക്രമാതീതമായി ഉയർന്നതാണ് ഇവിടങ്ങളിൽ വെള്ളം കയറാൻ കാരണമായത്. വീടുകളിൽ നിന്ന് ധാരാളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടങ്ങളുടെയും വീടുകളുടെയും ടെറസിൽ കയറിയവരുടെ സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഇവരിൽ ആർക്കൊക്കെ സഹായം ലഭിച്ചു ആർക്കൊക്കെ ലഭിച്ചില്ല എന്ന കാര്യവും വ്യക്തമല്ല. വെള്ളം ഇത്ര വേഗത്തിലും ഉയരത്തിലും എത്തുമെന്ന് ഇവരൊന്നും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. വൈദ്യുതിയോ കുടിവെളളമോ ഇല്ലാതെ ഇത്തരത്തിൽ പെട്ടു പോയവരിൽ വയസ്സായ മാതാപിതാക്കളും കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. റാന്നി, ആറൻമുള, മാരാമൺ, കോഴഞ്ചേരി, എടപ്പാവൂർ എന്നീവിടങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ സഹായമഭ്യർത്ഥിച്ച് വിളിക്കുന്നത്.
ദേശീയ ദുരന്തനിവാരണ സേനയും കൊച്ചി കോസ്റ്റ് ഗാർഡ്സും ചേർന്നാണ് ഇവിടത്തെ ദുരിതബാധിത പ്രദേശങ്ങൾക്ക് സഹായമെത്തിക്കുന്നത്. റാന്നിയിലും തൊട്ടടുത്ത പ്രദേശങ്ങളിലും ഇവരുടെ സേവനം ലഭ്യമാണ്. വൈദ്യുതി മാത്രമല്ല, പലയിടങ്ങളിലും മൊബൈൽ റേഞ്ചുകളും കിട്ടാത്ത അവസ്ഥയാണുള്ളത്. മുപ്പതിലധികം ബോട്ടുകളാണ് തീരദേശ സേന രക്ഷാ പ്രവർത്തനത്തിനായി ഇറക്കിയിരിക്കുന്നത്. വീടുകളിലെ അടുക്കളയും മറ്റും വെള്ളം കയറി നാശമായ അവസ്ഥയിലാണ്. വെള്ളത്തിന്റെയും ആഹാരത്തിന്റെയും ദൗർലഭ്യവും രൂക്ഷമാണ്.
ആനത്തോട്. കൊച്ചുപമ്പ എന്നീ അണക്കെട്ടുകളാണ് പത്തനംതിട്ട ജില്ലയിൽ തുറന്നിരിക്കുന്നത്. റാന്നി കോഴഞ്ചേരി, ആറൻമുള എന്നിവിടങ്ങളിൽ രക്ഷാ പ്രവർത്തനത്തിന് കൂടുതൽ ദൗത്യസേനയെ വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. നൂറ് കണക്കിന് വിദേശ മലയാളികളും ആശങ്കയിലാണ്. മിക്കവരുടെയും മാതാപിതാക്കൾ വീടിനുള്ളിൽ തനിച്ചാണ്. സുഹൃത്തുക്കളെയും മറ്റ് ബന്ധുക്കളെയും ബന്ധപ്പെട്ടാണ് ഇവർ തങ്ങളുടെ മാതാപിതാക്കൾ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുന്നത്. ചിലർക്ക് ഇപ്പോഴും അവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
