'ഇന്ധന വില വര്‍ദ്ധനയിലോ കര്‍ഷകരുടെ ദുരിതത്തിലോ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലോ മോദിജി ഒരു വാക്കുപോലും പറയുന്നില്ല' 

ദില്ലി: നരേന്ദ്രമോദി നിശ്ശബ്ദനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ധന വില വര്‍ദ്ധനയിലോ കര്‍ഷകരുടെ ദുരിതത്തിലോ സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളിലോ മോദി ഒരു വാക്കുപോലും പറയുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ബന്ദിനോടനുബന്ധിച്ച് ദില്ലിയില്‍ നടത്തുന്ന പ്രതിഷേധ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ആളുകളെ മോദി തമ്മിലടിപ്പിക്കുന്നു. രൂപയ്ക്ക് മുമ്പെങ്ങുമില്ലാത്ത വിധം മൂല്യം ഇടിഞ്ഞു. റഫാല്‍ ഇടപാടിനെക്കുറിച്ചും മോദി മിണ്ടുന്നില്ല. ജനങ്ങളുടെ നാൽപത്തി അയ്യായിരം കോടി കൊള്ളയടിച്ച് മോദി സുഹൃത്തിന് നൽകി. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കും. മാധ്യമങ്ങൾ ഭയപ്പെടാതെ വസ്തുതകൾ എഴുതണം. സത്യം പുറത്തു കൊണ്ടുവരണമെന്നും രാഹുല്‍ പറഞ്ഞു. 

മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, യുപിഎ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും പ്രതിഷേധ റാലിയില്‍ എത്തി. 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദിനെ പിന്തുണയ്ക്കുന്നതായി കോണ്‍ഗ്രസ് അറിയിച്ചു. ഗുലാം നബി ആസാദ്, മനോജ് ശര്‍മ്മ, തുടങ്ങിയവരും പ്രതിപക്ഷ പാര്‍ട്ടി നേതാക്കളായ ശരത് പവാര്‍, ശരത് യാദവ്, മനോജ് ഝാ, സോമനാഥ് ഭാരതി, തുടങ്ങിയവരും പ്രതിഷേധത്തിനെത്തി. 

ബന്ദ് പ്രഖ്യാപിച്ചിട്ടും ചില സംസ്ഥാനങ്ങളില്‍ ഇന്ധന വില ഉയര്‍ത്തിയെന്ന് അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടും അഭിമാനത്തേടെ ബിജെപി സര്‍ക്കാര്‍ വില വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. വിലക്കയറ്റം വികസനം കൊണ്ടുവരുമെന്നാണ്ഇ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.