ദോഹ: ഇറാന് പിന്നാലെ നരേന്ദ്ര മോദി ഖത്തറും സന്ദര്‍ശിക്കും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജൂണ്‍ നാലിന് ഖത്തറില്‍ എത്തും. എട്ടു വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി ഖത്തര്‍ സന്ദര്‍ശിക്കുന്നത്. എന്നാല്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ച് ഖത്തറിലെ ഇന്ത്യന്‍ എംബസി ഇതുവരെ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല.
ഇറാനിലെ സന്ദര്‍ശനത്തിനു ശേഷം അമേരിക്കയിലേക്കുള്ള യാത്രക്കിടെയാണ് പ്രധാന മന്ത്രി ദോഹയില്‍ എത്തുന്നത്. വിദേശ കാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തറിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ക്യു.എന്‍.എ യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.ഇന്ത്യന്‍ വിദേശ കാര്യ വക്താവ് വികാസ് സ്വരൂപ് കഴിഞ്ഞ ദിവസമാണ് ദില്ലിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനുള്ള തിയ്യതി പ്രഖ്യാപിച്ചത്. ഇന്ത്യയും ഖത്തറും തമ്മില്‍ ചരിത്ര ബന്ധമാണുള്ളതെന്നും ഇന്ത്യയുടെ ശക്തമായ വ്യാപാര പങ്കാളിയാണ് ഖത്തറെന്നും സന്ദര്‍ശന തിയ്യതി പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സംബന്ധിച്ചു പ്രതികരിക്കാന്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ തയാറായില്ല. 2008 ല്‍ ഡോ.മന്‍മോഹന്‍ സിങ്ങിനു ശേഷമുള്ള ഇന്ത്യന്‍ പ്രധാന മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തിനു ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ സന്ദര്‍ശന വേളയില്‍ ആരംഭിക്കുമെന്നാണ് സൂചന.
നിലവില്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാരം 1500 കോടി ഡോളറില്‍ കൂടുതല്‍ വരും. ഇന്ത്യയുടെ എല്‍.എന്‍.ജി ആവശ്യത്തിന്റെ 65 ശതമാനവും ഖത്തറില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതോടൊപ്പം ഖത്തര്‍ നിക്ഷേപ അതോറിറ്റിയില്‍ നിന്ന് കൂടുതല്‍ നിക്ഷേപം ഇന്ത്യയിലെക്കെത്തിക്കാനുള്ള ശ്രമങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായേക്കും.
ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപ അതോറിറ്റി താല്പര്യം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്താനായിരിക്കും ഇന്ത്യ ശ്രമിക്കുക. അടിസ്ഥാന വികസനം,വിനോദ സഞ്ചാരം, കൃഷി തുടങ്ങിയ മേഖലകളിലെ നിക്ഷേപ സാധ്യതകളായിരിക്കും ഇന്ത്യ പ്രധാനമായും മുന്നോട്ടു വെക്കുക.
