അഹമ്മദാബാദ്: ഡിസംബറില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ബിജെപിക്ക് പട്ടേല്‍ തലവേദന ഒഴിയുന്നില്ല. ബിജെപിയില്‍ ചേരാന്‍ ഒരു കോടി വാഗ്ദാനം ചെയ്തെന്ന ആരോപണത്തിന് പിന്നാലെ പണം നല്‍കാമെന്നു പറയുന്ന ഫോണ്‍ സംഭാഷണവും നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടു. മുപ്പതുവര്‍ഷമായി ബിജെപിയുടെ വോട്ടുബാങ്കായ പട്ടേല്‍ സമുദായം ഇത്തവണ ഇടഞ്ഞുനില്‍കുന്നത് പാര്‍ട്ടിയെ ആശങ്കയിലാക്കി.

നാല്‍പത് ശതമാനം ഇന്നും അറുപത് ശതമാനം നാളെയും തരാം. ഇന്നുതന്നെ മാധ്യമങ്ങളെകണ്ട് ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിക്കണം എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പട്ടേലിനോട് നിര്‍ദേശിക്കുന്നത്. മാസങ്ങളോളം നീണ്ടുനിന്ന ഈ പട്ടേല്‍ സംവരണ പ്രക്ഷോഭം ഗുജറാത്ത് സര്‍ക്കാരിനുണ്ടാക്കിയ ക്ഷീണം ചില്ലറയല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി സമരനായകന്‍ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസുമായി അടുക്കുന്നത് മനസിലാക്കിയ ബിജെപി സംഘടനയിലെ മറ്റു നേതാക്കളെ കൂടെക്കൂട്ടാന്‍ ശ്രമിച്ചു.

ആദ്യംതന്നെ മൂന്ന് യുവനേതാക്കളെ പാര്‍ട്ടിയിലേക്കെത്തിച്ചു. പിന്നെ പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതിയുടെ കണ്‍വീനറായ നരേന്ദ്ര പട്ടേലിനെയും സ്വന്തം പാളയത്തിലെത്തിച്ചു.ബിജെപിയില്‍ ചേര്‍ന്ന അന്നുതന്നെ വാര്‍ത്താസമ്മേളനം വിളിച്ച നരേന്ദ്ര പട്ടേല്‍ തനിക്ക് പാര്‍ടി ഒരുകോടി വാഗ്ദാനംചെയ്തെന്ന ആരോപണം ഉന്നയിച്ചു.ആരോപണം തെളിയിക്കാന്‍ മുഖ്യമന്ത്രി വെല്ലുവിളിച്ചപ്പോഴാണ് പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടത്.