ഗാന്ധി നഗര്‍: ദീപാവലിയോട് അനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്. പിഎംഒയാണ് ഇത്തരം ഒരു സംഭാഷണത്തിന് വഴിയൊരുക്കിയത് ദേശീയ മാധ്യമങ്ങള്‍ ഇതിന്‍റെ ഓഡിയോ ടേപ്പ് പുറത്തുവിട്ടു.

ഗോഹില്‍ എന്ന വഡോദരയിലെ ഒരു വ്യാപരിയായ ബിജെപി പ്രവര്‍ത്തകനുമായാണ് മോദി ഫോണില്‍ സംസാരിക്കുന്നത്. ദീപാവലി ആശംസകള്‍ നേര്‍ന്ന് ആരംഭിക്കുന്ന സംഭാഷണം പിന്നീട് രാഷ്ട്രീയ കാര്യങ്ങളിലേക്ക് നീങ്ങുന്നു. ഇത്തവണ കോണ്‍ഗ്രസ് വലിയ പ്രചരണങ്ങളാണ് നടത്തുന്നതെന്ന് പ്രവര്‍ത്തകന്‍ സംശയം പ്രകടിപ്പിക്കുമ്പോള്‍, എന്നെ മരണത്തിന്‍റെ വ്യാപാരി എന്ന് വിളിച്ചിട്ട് എന്തായെന്ന് മോദി തിരിച്ച് ചോദിക്കുന്നുണ്ട്. ജനസംഘത്തിന്‍റെ പിറവി തൊട്ട് പല ആക്ഷേപണങ്ങളും നാം കേട്ടു എന്നിട്ടും ഒന്നും ബാധിച്ചില്ലല്ലോ എന്ന് മോദി ചോദിക്കുന്നു.

വാട്ട്സ്ആപ്പ് പോലുള്ള ആപ്ലികേഷന്‍ വഴി പല നുണകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് അത് വിശ്വസിക്കരുത്. അത് ജനങ്ങള്‍ വിശ്വസിക്കില്ല. അത് കൊണ്ട് തന്നെ അത്തരം നുണകളെയും, എതിര്‍പ്രചരണങ്ങളെയും ഭയക്കേണ്ടതില്ല. 

നമ്മള്‍ സത്യം പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. അതിനാല്‍ അതിന് വേണ്ടി ശ്രമിക്കുക. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ രക്തവും വിയര്‍പ്പും നല്‍കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ ആ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കണം മോദി പറയുന്നു.

ഒക്ടോബര്‍ 22ന് വഡോദരയില്‍ എത്തുമ്പോള്‍ നിങ്ങളെ കൈവീശികാണിക്കും എന്ന് പറയുന്ന മോദിയോട്, ദീപാവലി സമ്മാനമായി ഗുജറാത്തില്‍ 150 സീറ്റ് ബിജെപി നേടുമെന്ന് ബിജെപി പ്രവര്‍ത്തകന്‍ പറയുന്നു.