ചെന്നൈ: നികുതി വെട്ടിച്ച കേസില്‍ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെ നേതാവ് ശശികലയുടെ ഭര്‍ത്താവ് എം.നടരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നികുതി വെട്ടിച്ച കേസില്‍ നടരാജനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ച കീഴ്‌ക്കോടതി വിധി വെള്ളിയാഴ്ച്ച ഹൈക്കോടതി ശരി വച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടരാജന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഈ നടപടി.

ഇതിനു പിന്നാലെയാണ് 74-കാരനായ നടരാജന്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. നടരാജനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത ജയിലിലടയ്ക്കണമെന്ന് ഹൈക്കോടതി വിധിയില്‍ നിര്‍ദേശിച്ചിരുന്നു. 

കഴിഞ്ഞ ഒക്ടോബര്‍ 3-ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ നടരാജന്‍ ഇപ്പോള്‍ എന്ത് കാരണത്തിനാണ് ആശുപത്രിയില്‍ അഡ്മിറ്റായതെന്ന് വ്യക്തമല്ല.

1994-ല്‍ ബ്രിട്ടനില്‍ നിന്ന് ടൊയോട്ട ലെക്‌സസ് കാര്‍ ഇറക്കുമതി ചെയ്ത സംഭവത്തില്‍ ആണ് നടരാജനും കൂട്ടാളികളേയും കോടതി ഇ
പ്പോള്‍ ശിക്ഷിച്ചിരിക്കുന്നത്. പുത്തന്‍ കാര്‍ സെക്കന്‍ഡ് ഹാന്‍ഡ് ആണെന്ന് രേഖപ്പെടുത്തിയാണ് ഇവര്‍ അന്ന് ഒരു കോടിയോളം രൂപ നികുതിയിനത്തില്‍ വെട്ടിച്ചത്. 

എന്നാല്‍ ഇതിനായി ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ഇയാള്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.